കാളികാവ്: കാട്ടുപന്നി ശല്യം രൂക്ഷമായതോടെ വേട്ടയ്ക്കിറങ്ങിയവർ ഒറ്റ ദിവസം കൊണ്ട് വെടിവച്ചിട്ടത് രണ്ടു ഡസൻ പന്നികളെ.
കാളികാവ് -ചോക്കാട് പഞ്ചായത്തുകളിലെ കർഷകരാണ് സംഘടിച്ച് കാടിളക്കി പന്നി നായാട്ടിനിറങ്ങിയത്.
മനുഷ്യർക്കും കൃഷിക്കും കടുത്ത ഭീഷണിയായ പന്നികളെ കൊല്ലുന്നതിനു സർക്കാർ അനുമതി നൽകിയതിനെ തുടർന്നാണ് നാട്ടുകാർ രംഗത്തിറങ്ങിയത്.
പകൽ സമയത്ത് കൃഷിസ്ഥലത്ത് ഒളിച്ചിരിക്കുന്ന പന്നികളെ പുറത്തു ചാടിക്കുകയും വെടിവയ്ക്കുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ആമപ്പൊയിൽ കൂനിയാറ ഭാഗങ്ങളിലാണ് പന്നിവേട്ട നടന്നത്.
ഡിഎഫ്ഒയുടെ എംപാനൽ ലിസ്റ്റിൽ ഉൾപ്പെട്ടവരും അംഗീകൃത തോക്കു ലൈസൻസുള്ള വരുമായ അഞ്ചുപേരാണ് തോക്കുമായി വേട്ടയ്ക്കിറങ്ങിയത്.
കാളികാവ് ഫോറസ്റ്റ് റേഞ്ചിൽ മാത്രം കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇരുന്നൂറ്റി അന്പതോളം കാട്ടുപന്നികളെ കൊന്നു കുഴിച്ച മൂടിയിട്ടുണ്ട്.
കൃഷി നശിപ്പിക്കുന്നതിനു പുറമെ ഒട്ടേറെ കർഷകർക്കും ഇരുചക്രവാഹന യാത്രക്കാർക്കും പന്നികളുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്.
വെടിവച്ചുകൊന്ന പന്നികളെ ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ കണക്കെടുപ്പിനും പരിശോധനയ്ക്കും ശേഷം വനത്തിൽ കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്.