“വിവാദങ്ങൾ ഒരുപാട് ഉണ്ടായെങ്കിലും എനിക്ക് ആശങ്ക ഇല്ലായിരുന്നു. ഞാൻ എഴുതിയ ഉത്തരങ്ങളിൽ എനിക്ക് പൂർണ വിശ്വാസമുണ്ടായിരുന്നു. ഒന്നരമാസത്തോളം കാത്തിരുന്നു ഫലത്തിനായി. പുനഃപരീക്ഷ ഉണ്ടാകില്ലെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. എങ്കിലും ഫലം വൈകിയപ്പോൾ ചെറിയ ആശങ്ക ഉണ്ടായി. ഇപ്പോൾ ഇരട്ടി സന്തോഷമായി.’’ നീറ്റ് പരീക്ഷയിൽ ഓൾ ഇന്ത്യാ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കണ്ണൂർ പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ് ഷർമിളിന്റെ വാക്കുകളാണിവ.
സുപ്രീംകോടതി വിധിപ്രകാരം ഇന്നലെ നീറ്റ് പരീക്ഷയുടെ റിസൾട്ട് വീണ്ടും പ്രസിദ്ധീകരിച്ചപ്പോൾ 720ൽ 720 മാർക്കും നേടി ഒന്നാം റാങ്ക് കരസ്ഥമാക്കിയ 17 പേരിൽ ഏക മലയാളിയാണ് ശ്രീനന്ദ്.
ഡൽഹി എയിംസിൽ തുടർപഠനം നടത്താനാണ് ശ്രീനന്ദിന്റെ ആഗ്രഹം. കണ്ണൂർ ആസ്റ്റർ മിംസിലെ ഡോ. ഷർമിൾ ഗോപാലന്റെയും തലശേരി ഗവ. ആശുപത്രിയിലെ ഡോ. പി.ജി. പ്രിയയുടെയും മകനാണ്. പത്താംക്ലാസ് വിദ്യാർഥിനി ശ്രിതിക ഷർമിൾ സഹോദരിയാണ്.