ന്യൂഡൽഹി: പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗം പ്രതിരോധ മേഖലയിൽ 84,560 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി.
എയർ ഡിഫൻസ് ടാക്റ്റിക്കൽ കൺട്രോൾ റഡാർ, ഹെവി വെയ്റ്റ് ടോർപ്പിഡോകൾ, മീഡിയം റേഞ്ച് മാരിടൈം റെക്കണൈസൻസ് ആൻഡ് മൾട്ടി-മിഷൻ മാരിടൈം എയർക്രാഫ്റ്റ്, ഫ്ലൈറ്റ് റീഫ്യൂല്ലർ എയർക്രാഫ്റ്റ് ആൻഡ് സോഫ്റ്റ്വെയർ റേഡിയോകൾ എന്നിവ ഡിഎസി അംഗീകരിച്ചവയിൽ ഉൾപ്പെടുന്നു.
ഭൂകമ്പ സെൻസറുകളുള്ള പുതുതലമുറ ആൻഡി ടാങ്ക് മൈനുകൾ വാങ്ങുന്നതിനും കൂടുതൽ സുരക്ഷാ ഫീച്ചറുകളുള്ള റിമോട്ട് നിർജീവമാക്കുന്നതിനും വേണ്ടി ഇന്ത്യൻ നിർമിത ഐഡിഡിഎം വാങ്ങാനും കൗൺസിൽ അനുവാദം നൽകി.
യന്ത്രവൽകൃത സേനയുടെ ദൃശ്യരേഖയ്ക്കപ്പുറമുള്ള ലക്ഷ്യങ്ങൾ താണ്ടുന്നതിനും തന്ത്രപരമായ യുദ്ധമേഖലയിലെ പ്രവർത്തനക്ഷമത വർധിപ്പിക്കാനും ആധിപത്യമുറപ്പിക്കാനും ആവശ്യമായ ഉപകരണങ്ങളും വാങ്ങും.
2025 സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ബജറ്റിൽ, പ്രതിരോധ മേഖലയ്ക്കായി കേന്ദ്ര സർക്കാർ 6.21 ലക്ഷം കോടി രൂപ അനുവദിച്ചിരുന്നു. മുൻ വർഷത്തെ വിഹിതമായ 5.94 ലക്ഷം കോടിയേക്കാൾ 4.72 ശതമാനം കൂടുതലാണ് ഇത്.