മുംബൈ: മാനഹാനി, റാങ്ക് നഷ്ടം, പരന്പര പറ്റെപ്പോയി… സമയദോഷമോ കളിമോശമോ…? ഏതായാലും ഇതിലും വലുതു വരാനില്ലെന്ന അവസ്ഥയിലാണ് രോഹിത് ശർമയും സംഘവും. കാരണം, ന്യൂസിലൻഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ 25 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടു; ന്യൂസിലൻഡ് 3-0നു പരന്പര പറ്റെ കൊണ്ടുപോയി.
സന്പൂർണ തോൽവിയോടെ ഇന്ത്യയുടെ ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന്റെ 2023-25 ഫൈനൽ സാധ്യത മങ്ങി. പോയിന്റ് ടേബിളിൽ ഒന്നിൽനിന്നു രണ്ടിലേക്കിറങ്ങി; റാങ്ക് നഷ്ടം… 24 വർഷത്തിനിടെ ഇന്ത്യയിൽ ഒരു സന്ദർശക ടീമും പരന്പര തൂത്തുവാരിയിട്ടില്ലെന്നതും ചരിത്രം; മാനഹാനി. മുഖ്യപരിശീലകനായെത്തിയ ഗൗതം ഗംഭീറിന്റെ കീഴിൽ ഇന്ത്യയുടെ രണ്ടാം മാനക്കേട്.
ആദ്യത്തേത് ശ്രീലങ്കയിൽ പതിറ്റാണ്ടുകൾക്കുശേഷം ഏകദിന പരന്പര തോറ്റതായിരുന്നു. ഇപ്പോൾ ഇതാ സ്വന്തം മണ്ണിൽ ന്യൂസിലൻഡിനോട് പരന്പര പൂർണമായി അടിയറവച്ചു; ഗൗതം ഗംഭീറിന്റെ സമയദോഷമോ അതോ രോഹിത്തും വിരാട് കോഹ്ലിയും അടങ്ങുന്ന ഇന്ത്യൻ ടീമിന്റെ കളിമോശമോ…? ഏതായാലും ശാന്തമായെത്തിയ കിവികൾ ടീം ഇന്ത്യയെ കൊത്തിപ്പറിച്ചു, ആരാധകഹൃദയങ്ങളെയും…
റാഞ്ചിപ്പറന്ന് കിവി
171/9 എന്ന നിലയിൽ, 143 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ ന്യൂസിലൻഡിന്റെ അവസാന വിക്കറ്റ് വേഗത്തിൽ വീഴ്ത്തി, തുടർന്ന് ചെറിയ ലക്ഷ്യം വലിയ പരിക്കില്ലാതെ നേടുന്നതു പ്രതീക്ഷിച്ച ഇന്ത്യൻ ആരാധകർക്കു നിരാശ. ന്യൂസിലൻഡിന്റെ അജാസ് പട്ടേലിനെ (8) പുറത്താക്കി രവീന്ദ്ര ജഡേജ അഞ്ചു വിക്കറ്റ് പൂർത്തിയാക്കി. ന്യൂസിലൻഡിന്റെ രണ്ടാം ഇന്നിംഗ്സ് 174ൽ അവസാനിപ്പിക്കാൻ സാധിച്ചെങ്കിലും 147 റണ്‍സ് എന്ന ചെറിയ ലക്ഷ്യം എത്തിപ്പിടിക്കാൻ ടീം ഇന്ത്യക്കു സാധിച്ചില്ല.
ക്യാപ്റ്റൻ രോഹിത് ശർമ (11) ആദ്യംതന്നെ പുറത്ത്. മാറ്റ് ഹെൻറിയുടെ പന്തിൽ ഗ്ലെൻ ഫിലിപ്സിന്റെ മികച്ച ക്യാച്ചിലൂടെ രോഹിത് പവലിയനിലേക്കു നടന്നു. തുടർന്ന് അടുത്തടുത്ത ഓവറുകളിൽ ശുഭ്മാൻ ഗില്ലിനെയും (1) വിരാട് കോഹ്ലിയെയും (1) സർഫറാസ് ഖാനെയും (1) പുറത്താക്കി അജാസ് പട്ടേൽ ഇന്ത്യയുടെ പ്രതീക്ഷകൾ അസ്ഥാനത്താക്കി.
നാലാം ഓവറിന്റെ അവസാന പന്തിൽ ഗില്ലിന്റെ വിക്കറ്റ് തെറിപ്പിച്ച അജാസ്, ആറാം ഓവറിന്റെ മൂന്നാം പന്തിൽ കോഹ്ലിയെ സ്ലിപ്പിൽ ഡാരെൽ മിച്ചലിന്റെ കൈകളിലെത്തിച്ചു. തുടർന്ന് എട്ടാം ഓവറിന്റെ ആദ്യ പന്തിൽ രചിൻ രവീന്ദ്രയുടെ കൈകളിൽ സർഫറാസും നിശ്ചലം. ഇതിനിടെ ഏഴാം ഓവറിന്റെ അഞ്ചാം പന്തിൽ ഗ്ലെൻ ഫിലിപ്സ് യശസ്വി ജയ്സ്വാളിനെ (5) വിക്കറ്റിനു മുന്നിലും കുടുക്കിയിരുന്നു. 7.1 ഓവർ പൂർത്തിയായപ്പോൾ ഇന്ത്യയുടെ സ്കോർ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 29.
ഔട്ടിൽ പന്തിന്റെ അതൃപ്തി
57 പന്തിൽ ഒരു സിക്സും ഒന്‍പതു ഫോറും അടക്കം 64 റണ്‍സ് നേടിയ ഋഷഭ് പന്ത് മാത്രമായിരുന്നു ഇന്ത്യൻ ഇന്നിംഗ്സിൽ പോരാടിയത്. പന്ത് ഒരറ്റത്തു നിലയുറപ്പിച്ചപ്പോൾ ഇന്ത്യ ജയം സ്വപ്നം കണ്ടു. എന്നാൽ, അജാസ് പട്ടേലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടെലിന്റെ ക്യാച്ചിൽ ഋഷഭ് പന്ത് പുറത്തെന്നു തേർഡ് അന്പയർ വിധിച്ചതോടെ ഇന്ത്യയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. പന്തിന്റെ ബാറ്റും പാഡും തമ്മിൽ അകലം ഉണ്ടെന്നതായിരുന്നു തേർഡ് അന്പയറിന്റെ വിധി. എന്നാൽ, മത്സരശേഷം രോഹിത് ശർമ അതിനെ എതിർത്തു.
അന്പയറിന്റെ തീരുമാനം പന്തിനെയും അസ്വസ്ഥനാക്കി. ബാറ്റ് പന്തിലല്ല കൊണ്ടതെന്നും തന്റെ പാഡിലാണ് ടച്ച് ചെയ്തതെന്നും ഋഷഭ് പന്തും ആവർത്തിച്ചു. എന്നാൽ, തേർഡ് അന്പയറിന്റെ തീരുമാനത്തിൽ നിരാശയോടെ പവലിയനിലേക്കു മടങ്ങാനായിരുന്നു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററിന്റെ വിധി. വാഷിംഗ്ടണ്‍ സുന്ദറും (12) ഋഷഭ് പന്തും ചേർന്നുള്ള 35 റണ്‍സിന്റെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് അതോടെ തകർന്നു. പിന്നീടെല്ലാം ശടപടേന്നു തീർന്നു. ആർ. അശ്വിനും (12) ആകാശ് ദീപും (0) ഫിലിപ്സിനു മുന്നിൽ മുട്ടുമടക്കി. വാഷിംഗ്ടണ്‍ സുന്ദറിനെ അജാസ് പട്ടേലും പുറത്താക്കി.
57 റണ്‍സ് വഴങ്ങി അജാസ് പട്ടേൽ ആറും 42 റണ്‍സ് വഴങ്ങിയ ഗ്ലെൻ ഫിലിപ്സ് മൂന്നും വിക്കറ്റ് വീഴ്ത്തി. രണ്ട് ഇന്നിംഗ്സിലുമായി 11 വിക്കറ്റ് നേടിയ അജാസ് പട്ടേലാണ് പ്ലെയർ ഓഫ് ദ മാച്ച്. കെയ്ൻ വില്യംസണിനു പകരമായെത്തി പരന്പരയിൽ 244 റണ്‍സ് നേടിയ വിൽ യംഗാണ് പ്ലെയർ ഓഫ് ദ സീരീസ്.
സ്കോർ ബോർഡ്
ന്യൂസിലൻഡ് 235, 174.
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 263.
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: ജയ്സ്വാൾ എൽബിഡബ്ല്യു ബി ഫിലിപ്സ് 5, രോഹിത് സി ഫിലിപ്സ് ബി ഹെൻറി 11, ഗിൽ ബി അജാസ് 1, കോഹ്ലി സി മിച്ചൽ ബി അജാസ് 1, പന്ത് സി ബ്ലണ്ടെൽ ബി അജാസ് 64, സർഫറാസ് സി രചിൻ ബി അജാസ് 1, ജഡേജ സി യംഗ് ബി അജാസ് 6, വാഷിംഗ്ടണ്‍ ബി അജാസ് 12, അശ്വിൻ സി ബ്ലണ്ടെൽ ബി ഫിലിപ്സ് 8, ആകാശ് ബി ഫിലിപ്സ് 0, സിറാജ് നോട്ടൗട്ട് 0, എക്സ്ട്രാസ് 12, ആകെ 29.1 ഓവറിൽ 121.
വിക്കറ്റ് വീഴ്ച: 1-13, 2-16, 3-18, 4-28, 5-29, 6-71, 7-106, 8-121, 9-121, 10-121.
ബൗളിംഗ്: ഹെൻറി 3-0-10-1, അജാസ് 14.1-1-57-6, ഫിലിപ്സ് 12-0-42-3.