കോട്ടയം: കുപ്രസിദ്ധ ഗുണ്ടാത്തലവനും ഹണിട്രാപ്പ് കേസിലെ പ്രതിയുമായ അരുണ് ഗോപനുമായി കോട്ടയത്തെ നാല് പോലീസ് ഉദ്യോഗസ്ഥരുടെ ബന്ധമാണ് കണ്ടെത്തിയതെങ്കിലും കൂടുതൽ പോലീസുകാർ ഈ വലയത്തിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന സൂചന.
ഡിവൈഎസ്പി, സിഐ അടക്കമുള്ള നാലു പേർക്കെതിരേയാണ് പോലീസ് തന്നെ റിപ്പോർട്ട് നൽകിയത്.
എന്നാൽ, ഗുണ്ടാ മാഫിയയുമായി കൂടുതൽ പോലീസുകാർക്കു ബന്ധമുണ്ടെന്നാണ് പോലീസ് വൃത്തങ്ങളിൽനിന്നു തന്നെ ലഭിക്കുന്ന വിവരം.
അരുണ്ഗോപൻ പിടിയിലായതോടെ ചങ്ങനാശേരിയിൽനിന്നു ഡിവൈഎസ്പി പാഞ്ഞു കോട്ടയത്തു വന്നതു തന്നെ തന്റെ പേര് അയാൾ പറയുമോയെന്ന ആശങ്കയോടെയാണ്.
നാലു പോലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പുറത്തുവന്നതോടെ ബന്ധമുണ്ടായിരുന്ന കൂടുതൽ പോലീസുകാർ ആശങ്കയിലാണ്.
സ്പെഷൽ ബ്രാഞ്ചിലെ സത്യസന്ധരായ ഉദ്യോഗസ്ഥർ എസ്പി തലത്തിലേക്കു റിപ്പോർട്ട് നൽകിയതുകൊണ്ടാണ് നാലു പേരെയെങ്കിലും പിടിക്കാൻ കഴിഞ്ഞത്.
കുറ്റക്കാർക്കെതിരേ കർശന നിലപാട് സ്വീകരിച്ച കോട്ടയം പോലീസ് ചീഫ് ഡി.ശില്പ സ്ഥലം മാറുന്നതോടെ അന്വേഷണം എങ്ങനെയാകുമെന്നതിൽ വ്യക്തതയില്ല.
മണൽമാഫിയ ബന്ധം
നഗരത്തിലെ പടിഞ്ഞാറൻ മേഖലയിലെ സ്റ്റേഷൻ ഭരിക്കുന്പോൾ മണൽമാഫിയയുടെ സുഹൃത്തായിരുന്നു ഈ ഉദ്യോഗസ്ഥൻ.
മണൽ മാഫിയയുടെ വള്ളം പിടിക്കും, വിരട്ടും പിന്നീട് നടക്കുന്നതെല്ലാം നാടകമാണ്. യുഡിഎഫിന്റെ ഭരണകാലത്തു ഒന്നു സ്ഥലംമാറ്റി നോക്കി.
സ്ഥലം മാറ്റാൻ മുന്നിൽനിന്ന രാഷ്ട്രീയ നേതാവിനെ തന്നെ സ്വാധീനിച്ചു 15 ദിവസത്തിനുള്ളിൽ സ്റ്റേഷനിലെത്തിയ ചരിത്രമാണ് ഈ ഉദ്യോഗസ്ഥനുള്ളത്.
പടിഞ്ഞാറേ മേഖലകളിൽ കായൽനിരത്തിയ മണൽ മാഫിയയ്ക്കെല്ലാം പിന്തുണയും ഏമാന്റെ വകയായിരുന്നു.
കമ്മീഷൻ കൈനിറയെ
സാന്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഒരു പരാതി വന്നാൽ ഇവർക്കു ചാകരയാണ്. പരാതി ലഭിച്ചു മണിക്കൂറുകൾക്കുള്ളിൽ സ്റ്റേഷനിലേക്കു കുറ്റാരോപിതനെ വിളിച്ചുവരുത്തും.
ഭീഷണിപ്പെടുത്തി പണം വാങ്ങി നൽകും. പ്രതിയുടെ കൈയിൽനിന്ന് എടിഎം കാർഡുപയോഗിച്ചു പണം എടുത്തു പരാതിക്കാരനു കൊടുക്കും. കമ്മീഷനായി ഒരു വിഹിതം ഏമാനും കിട്ടും.
കാപ്പ നിയമം
കാപ്പ നിയമം ചുമത്തി ഗുണ്ടകളെ നാടു കടത്താനുള്ള നടപടി അട്ടിമറിക്കുന്നതിനു പിന്നിൽ ഇത്തരം ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്നാണ് ആരോപണം.
രാഷ്ട്രീയ സ്വാധീനമുള്ളവരെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്താതെ ഏമാൻമാർ കൈയയച്ചു സഹായിക്കും.
ചിലപ്പോൾ തെറ്റായ വിവരങ്ങളായിരിക്കും കളക്ടർമാർക്കുള്ള റിപ്പോർട്ടിൽ സമർപ്പിക്കുക. ഇതിനെതിരേ ഗുണ്ടകൾ കാപ്പാ ബോർഡിൽ അപ്പീൽ പോകുന്നതോടെ ദിവസങ്ങൾക്കുള്ളിൽ പുറത്തിറങ്ങും.
ഗുണ്ടകളെ പിടികൂടാൻ ഡിജിപി പ്രഖ്യാപിച്ച ഓപ്പറേഷൻ കാവൽ പദ്ധതി പരാജയപ്പെട്ടതിനു പിന്നിലും പോലീസ്- ഗുണ്ടാ മാഫിയ ബന്ധമാണെന്ന് ആരോപണമുണ്ട്.
ഇടനിലക്കാരുണ്ടേ!
ഇടനിലക്കാരെ വച്ചാണ് കോട്ടയത്തെ പല കൈക്കൂലിക്കാരായ ഉദ്യോഗസ്ഥൻമാരും പിരിവ് നടത്തുന്നതെന്നാണ് അറിയുന്നത്.
ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് ചില ഉന്നതർക്കു വേണ്ടി പിരിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ ആരോപണ വിധേയനായ ഒരു ഉദ്യോഗസ്ഥൻ കോട്ടയത്തു ജോലി ചെയ്തപ്പോൾ നഗരത്തിലെ ഒരു കടയിലായിരുന്നു ഇയാൾക്കുള്ള കൈക്കൂലി കൊടുക്കേണ്ടിയിരുന്നത്.
പടിഞ്ഞാറൻ മേഖലയിലെ സ്റ്റേഷനിൽ ജോലി ചെയ്തിരുന്നപ്പോൾ ഒരു യുവ നേതാവായിരുന്നു പിരിവുകാരൻ.
അടുത്ത കാലത്ത് വഞ്ചനക്കേസിൽ പ്രതിയായ യുവാവിനോടു പരാതിക്കാരനു പണം തിരിച്ചുനൽകാൻ സാവകാശം വാങ്ങി നൽകാമെന്നു അറിയിച്ചു 75,000 രൂപയാണ് ഒരു ഉദ്യോഗസ്ഥൻ വാങ്ങിയത്.
എന്നാൽ, പണം വാങ്ങിയിട്ടും ഇയാൾ യുവാവിനെ അറസ്റ്റ് ചെയ്തു. വാദിയുടെ കൈയിൽനിന്നും പണം വാങ്ങിയതായും ആക്ഷേപമുണ്ട്.