കൊച്ചി: രാജ്യാന്തര അവയവ കച്ചവട കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തതോടെ ഇറാന് കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇനി വേഗത്തിലാകും. രാജ്യാന്തര തലത്തില്‍ മനുഷ്യകടത്ത് നടന്നെന്ന വിലയിരുത്തലിലാണ് കേസ് എന്‍ഐഎ കൊച്ചി യൂണിറ്റ് അന്വേഷണം ഏറ്റെടുത്തത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അനുമതി കിട്ടിയതോടെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. കേസിലെ അന്വേഷണ വിവരങ്ങള്‍ പോലീസ് എന്‍ഐഎക്ക് കൈമാറിയിരുന്നു.
ഈ കേസ് നിലവില്‍ ആലുവ റൂറല്‍ പോലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷിച്ചുവരുന്നത്. രാജ്യാന്തര ഇടപാട് ആയതിനാല്‍ കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നായിരുന്നു പോലീസിന്റെ നിലപാട്.
പ്രതികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 20 വൃക്ക ദാതാക്കളുടെ വിവരങ്ങള്‍ അതാത് സംസ്ഥാനങ്ങളിലെ പോലീസിന് പ്രത്യേക അന്വേഷണ സംഘം കൈമാറിയിരുന്നു.
മേയ് 19നാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ അവയവക്കടത്ത് കേസിലെ മുഖ്യസൂത്രധാരന്‍ തൃശൂര്‍ സ്വദേശി സാബിത്ത് നാസര്‍ അറസ്റ്റിലാകുന്നത്.
ഇയാള്‍ക്കൊപ്പം അവയവ മാഫിയയില്‍ മുഖ്യപങ്കാളികളായ കൊച്ചി സ്വദേശി സജിത്ത്, ഹൈദരാബാദ് സ്വദേശി ബെല്ലംകൊണ്ട രാമപ്രസാദ് എന്നിവരെ അന്വേഷണ സംഘം പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. സാങ്കേതിക തടസങ്ങളെ തുടര്‍ന്ന് ഇറാനിലുള്ള കൊച്ചി സ്വദേശി മധുവിനെ നാട്ടിലെത്തിക്കാനായിട്ടില്ല.