കോഴിക്കോട്: രാജ്യത്ത് തീവ്രവാദപ്രവര്‍ത്തനം നടക്കുന്നുവെന്ന് എന്‍ഐഎ കരുതുന്ന സ്ഥലങ്ങളിൽ ഒന്നായി കോഴിക്കോടും. പാക്കിസ്ഥാ ന് ബന്ധമുള്ള തീവ്രവാദ സംഘടനയെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ നാലു സംസ്ഥാനങ്ങളിൽ എന്‍ഐഎ ഇന്നലെ നടത്തിയ റെയ്ഡിൽ കേരളത്തില്‍ കോഴിക്കോട്ട് മാത്രമാണ് റെയ്ഡ് നടന്നത്.
കേരളത്തില്‍ പ്രത്യേകിച്ചും മലബാറില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതികള്‍ നടക്കുന്നതായാണ് കേന്ദ്ര അന്വേഷണ എജന്‍സികളുടെ വിലയിരുത്തല്‍.
കേരളം തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഹബ്ബായിമാറുന്നുവെന്ന ആക്ഷേപം കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെതന്നെ ഉന്നയിക്കുന്നുണ്ട്. ഇതിന് ബലം പകരുന്നതാണ് ഇന്നലെ കോഴിക്കോട്ടുണ്ടായ റെയ്ഡ്.
കോഴിക്കോട് നടക്കാവ് സ്റ്റേഷന് പരിധികളിലും ടൗണ്‍ കേന്ദ്രീകരിച്ചുമാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തിയത്. കേരള പോലീസിന് ഇക്കാര്യത്തില്‍ അറിവുണ്ടായിരുന്നില്ലെന്നാണ് വിവരം. എന്‍ഐഎ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിൽ റെയ്ഡിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കോഴിക്കോട് എലത്തൂരില്‍ നടന്ന ട്രെയിന്‍ തീവയ്പുമായി ബന്ധപ്പെട്ടും എന്‍ഐഎ ഇവിടെ എത്തി പരിശോധന നടത്തിയിരുന്നു. പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗസ്വ- എ-ഹിന്ദ് എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാണ് എന്‍ഐഎ സംഘം കോഴിക്കോട് എത്തിയത്.