കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിൽ നിർണായക നീക്കവുമായി എൻഐഎ വീണ്ടും റെയ്ഡ് തുടങ്ങി. ഇന്നു പുലർച്ചെയാണ് കോഴിക്കോട്ട് മേഖലയിൽ റെയ്ഡ് ആരംഭിച്ചത്. പ്രതിയുടെ ബന്ധുവിന്റെ വീട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പരിശോധന നടത്തി.
കസ്റ്റംസും എന്‍ഐഎയും പ്രതിചേര്‍ത്ത കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി ടി.എം. സംജുവിന്റെ ബന്ധു ഷംസുദ്ദീന്റെ എരഞ്ഞിക്കലിലെ വീട്ടിലാണ് എന്‍ഐഎ കൊച്ചി യൂണിറ്റ് പരിശോധന നടത്തിയത്.
ഇന്നു പുലര്‍ച്ചെ ആറോടെ സംഘം എരഞ്ഞിക്കലിലെത്തി. അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് എത്തുമെന്നു സിറ്റി പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് എന്‍ഐഎ സംഘത്തിന് അകമ്പടിയായി പോലീസും സ്ഥലത്തെത്തി.
വനിതാ പോലീസിന്റെ അകമ്പടിയോടെയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ വീട്ടിനുള്ളിലേക്കു കയറിയത്. ഷംസുദ്ദീന് ഈ ആഴ്ച ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇതേതത്തുടര്ന്നു കോടതി കസ്റ്റംസിന്റെ വിശദീകരണവും ആവശ്യപ്പെട്ടു. അതിനിടെയാണു പരിശോധന നടക്കുന്നത്.
സംജുവിനെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തുകയും ചെയ്തതിനു പിന്നാലെ ഷംസുദ്ദീനോട് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. ഏറെ ദിവസങ്ങള്‍ കഴിഞ്ഞ ശേഷം ഓഗസ്റ്റ് 12 ന് ഷംസുദ്ദീന് ചോദ്യം ചെയ്യലിനു ഹാജരായി.
നയതന്ത്ര ബാഗേജ് വഴി കടത്തികൊണ്ടുവന്ന സ്വര്‍ണം സംജുവായിരുന്നു വിറ്റഴിച്ചത്. ഷംസുദീന്‍ വഴിയാണ് സ്വര്‍ണം വിറ്റതെന്നായിരുന്നു കസ്റ്റംസിന്റെ കണ്ടെത്തല്‍. ഈ വിവരങ്ങള്‍ കസ്റ്റംസ് എന്‍ഐഎക്കു കൈമാറിയിട്ടുണ്ട്.
അടുത്തിടെ സംജുവിന്റെ വീട്ടില്‍ എന്‍ഐഎ പരിശോധന നടത്തുകയും ചില രേഖകകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംജുവിനെ എന്‍ഐഎ പ്രതിചേര്‍ക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് ഷംസുദീന്റെ വീട്ടിലും ഇപ്പോള്‍ പരിശോധന നടത്തിയത്. ഷംസുദീനും കേസില്‍ പങ്കുണ്ടെന്ന സംശത്തിലാണ് എന്‍ഐഎ. പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചാല്‍ ഷംസുദീന്റെ അറസ്റ്റ് ഉടനുണ്ടാവുമെന്നാണ് അന്വേഷണസംഘം നല്കുന്ന വിവരം.