നിസ്‌ക്കാരത്തിന് മസ്ജിദില്‍ പോകുന്ന ശീലം ഐഎസുകാര്‍ക്കില്ല ! അവസാന കാലത്ത് ഭര്‍ത്താക്കന്മാര്‍ക്കും ഐഎസിന്റെ കാര്യത്തില്‍ നിരാശയായിരുന്നു; മലയാളി യുവതികളുടെ തിരിച്ചറിവ് ഇങ്ങനെ…

ഇസ്ലാമിക ജീവിതം മോഹിച്ച് ഐഎസില്‍ ചേരാന്‍ പോയ മലയാളി യുവതികള്‍ ഇപ്പോള്‍ പറയുന്നത് തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന്. അഫ്ഗാന്‍ സൈന്യത്തിനു കീഴടങ്ങിയ അയിഷ(സോണിയ സെബാസ്റ്റന്‍),ഫാത്തിമ(നിമിഷ) എന്നിവരുമായുള്ള അഭിമുഖത്തിന്റെ വീഡിയോ സ്ട്രാറ്റ്ന്യൂസ് ഗ്ലോബല്‍ എന്ന മാധ്യമമാണു പുറത്തുവിട്ടത്.

ഇസ്ലാമിക ഭരണത്തിനു കീഴില്‍ ഇസ്ലാമിക ജീവിതം കൊതിച്ചായിരുന്നു യാത്രയെന്നും നിസ്‌കാരത്തിനു മസ്ജിദില്‍ പോകാത്തവരാണ് ഐ.എസെന്നു പിന്നീടാണു തിരിച്ചറിഞ്ഞതെന്നും കാബൂള്‍ ജയിലില്‍ കഴിയുന്ന അയിഷ പറയുന്നു.

പ്രതീക്ഷകളെ അസ്ഥാനത്താക്കുന്നതായിരുന്നു ഐഎസിലെ സാഹചര്യങ്ങള്‍. ഇസ്ലാമിക ജീവിതത്തിനായി ഐ.എസിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ ഒരിക്കല്‍ക്കൂടി ചിന്തിക്കണം. അവസാനകാലമെത്തിയപ്പോഴേക്കും ഭര്‍ത്താവ് അബ്ദുള്‍ റഷീദ് അബ്ദുള്ളയ്ക്കും ഐ.എസിന്റെ കാര്യത്തില്‍ നിരാശയായിരുന്നു.

മലയാളി യുവാക്കളെ ഐഎസില്‍ ചേരാന്‍ പ്രലോഭിക്കുന്ന സന്ദേശങ്ങള്‍ അയയ്ക്കുന്നത് റാഷിദ് പൂര്‍ണമായി അവസാനിപ്പിക്കുകയും ചെയ്തിരുന്നു. പൂര്‍ണമായും നിരാശനായിരുന്നെങ്കിലും ഇന്ത്യയിലേക്കു മടങ്ങാന്‍ അബ്ദുള്ള ആഗ്രഹിച്ചിരുന്നില്ല.

ജീവിതം മടുത്തു എന്നാണ് അവസാനം പറഞ്ഞത്. ഇനി കേരളത്തിലേക്കു മടങ്ങണം. അബ്ദുള്ളയുടെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കണം. ഐ.എസുമായി ഇനി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നില്ല അയിഷ പറഞ്ഞു.

ജയിലിലാക്കില്ലെങ്കില്‍ ഇന്ത്യയിലേക്കു മടങ്ങാനാണു ഫാത്തിമയ്ക്കും മോഹം. അഫ്ഗാനല്ല, ഇന്ത്യയാണ് എന്റെ നാട്. ശരിയ ഭരണമുള്ള ഇസ്ലാമിക രാജ്യം എന്ന ആശയം തെറ്റാണെന്നു കരുതുന്നില്ല.

ആദ്യമൊക്കെ നന്നായിരുന്നു, പിന്നീട് സാഹചര്യങ്ങള്‍ മാറി അയിഷ പറയുന്നു. എന്നാല്‍ ഇവരുടെ മടങ്ങിവരവ് അത്ര എളുപ്പമാകില്ലെന്നാണ് വിവരം. രാജ്യദ്രോഹക്കുറ്റം അടക്കമുള്ളവ ചുമത്താനുള്ള സാഹചര്യം നിലനില്‍ക്കുകയാണ്.

Related posts

Leave a Comment