സ്വന്തം ലേഖകൻ
കോഴിക്കോട്:നിപ്പ വൈറസിന്റെ ഉറവിടവുമായി ബന്ധപ്പെട്ട് ഇപ്പോഴും ആരോഗ്യ വകുപ്പിന് വലിയ പിടിയില്ലാത്തത് ആശങ്ക വർധിപ്പിക്കുന്നു. ചത്ത വവ്വാലുകളുടെ വിസർജ്യമുൾപ്പെടെ പരിശോധനയ്ക്കായി ശേഖരിച്ചുവെങ്കിലും ഇതുവരെ ഇതുമായി ബന്ധപ്പെട്ട തുടർ നടപടികളായില്ല.
നിപ്പ വൈറസുകളുണ്ടോയെന്ന് പരിശോധിക്കാൻ ജീവനുള്ള വവ്വാലുകളെ കൂടുതലായി പിടിച്ച് പരിശോധിക്കണം. എന്നാൽ ഇതിനുള്ള ഉപകരണങ്ങൾ എത്തുന്നതേയുള്ളു. നിലവിൽ പരിശോധനയ്ക്കുള്ള സ്രവം മാത്രമാണ് ശേഖരിച്ചിരിക്കുന്നത്. ഇതാകട്ടെ കൂടുതൽ പരിശോധനയ്ക്കായി അയച്ചിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാകാത്തതാണ് കാരണം. സാങ്കേതികകാരണങ്ങൾ പരിഹരിക്കാൻ ഇന്നു യോഗം ചേരാനാണ് തീരുമാനം. അതേസമയം നിപ്പ സ്ഥിരീകരിച്ച സമയത്ത് കൂടുതൽ പേരിലേക്ക് രോഗം വരാതിരിക്കാനാണ് ശ്രമിച്ചതെന്നും ഉറവിടത്തെക്കുറിച്ചുള്ള പരിശോധന സമയമെടുക്കുമെന്നും അധികൃതർ അറിയിച്ചു.
നിലവിൽ സംസ്ഥാനത്ത് നിപ്പാ ഭീതി കുറഞ്ഞതായും അതേസമയം പ്രതിരോധ നടപടികൾ തുടർ ദിവസങ്ങൾ കൂടി മുന്നിൽ കണ്ട് ശക്തിപ്പെടുത്താനും വിദഗ്ധ സംഘം ഉൾപ്പെട്ട അവലോകന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മികച്ച രീതിയിലുള്ള പ്രവർത്തനമാണ് കാഴ്ചവച്ചതെന്നാണ് അവലോകന യോഗത്തിലെ വിലയിരുത്തൽ.
എന്നാൽ ഏഴ് മുതൽ പതിനാല് ദിവസമാണ് ഇൻകുബേഷൻ പിരീഡ് എന്നാണ് കണക്ക്. ഓഗസ്റ്റ് 29നാണ് മരിച്ച കുട്ടി ആദ്യമായി ആശുപത്രിയിൽ എത്തുന്നത് എന്നതിനാൽ രണ്ടാഴ്ച കൂടി ജാഗ്രത പുലർത്തണം. കൂടുതൽ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയത് ആശ്വാസകരമാണ്. പ്രതിരോധ നടപടികൾ തുടരുമെന്നാണ ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ഹാവൂ ആശ്വാസം;ഫലങ്ങൾ എല്ലാം നെഗറ്റീവ്
സ്വന്തം ലേഖകൻ
കോഴിക്കോട്: നിപ്പ സന്പർക്ക പട്ടികയിലെ 15 പേരുടെ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി. ഇതോടെ സന്പർക്ക പട്ടികയിലുള്ള 61 പേരുടെ സാന്പിൾ നെഗറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിൽ നടത്തിയ പരിശോധനാ ഫലമാണ് ഇന്ന് രാവിലെ പുറത്തു വന്നത്.
റൂട്ട് മാപ്പടക്കം പ്രസിദ്ധീകരിച്ചിട്ടും നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം വലിയ തോതിൽ വർധിക്കാത്തത് കാര്യങ്ങൾ എളുപ്പമാക്കിയെന്ന വിലയിരുത്തലിലാണ് സർക്കാർ. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിനടുത്ത പരിസരത്ത് അസ്വാഭാവികമായി മരിച്ച ആളുകളുണ്ടോയെന്ന് പരിശോധന നടത്തിയപ്പോൾ ഒന്നും തന്നെ കണ്ടെത്താനായില്ല.
സന്പർക്കപ്പട്ടികയിലുള്ള കൂടുതൽ പേരുടെ സാന്പിളുകൾ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കും. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ 64 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു. പുറത്ത് വരുന്ന പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവ് ആയതോടെ വലിയ ആശ്വാസത്തിലാണ് ആരോഗ്യ വകുപ്പ്.