കോഴിക്കോട്: സുരക്ഷാ ജീവനക്കാരെയും ശുചീകരണ തൊഴിലാളികളെയും കൂട്ടത്തോടെ പിരിച്ചുവിടാൻ എൻഐടിയിൽ നീക്കം.
ഇതിന്റെ ഭാഗമായി സെക്യൂരിറ്റി, ശുചീകരണ ചുമതല ഏറ്റെടുത്ത തിരുവനന്തപുരം, മാനന്തവാടി ആസ്ഥാനമായ സ്ഥാപനങ്ങൾക്ക് 55 വയസ് കഴിഞ്ഞവരെ അടുത്ത മാസം ഒന്നുമുതൽ ജോലിക്ക് നിയോഗിക്കേണ്ടെന്ന് രജിസ്ട്രാർ നിർദേശം നൽകി.11 സൂപ്പർവൈസർ, 140 സെക്യൂരിറ്റി ഗാർഡ്, 12 ഡ്രൈവർ കം സെക്യൂരിറ്റി, 171 ശുചീകരണ തൊഴിലാളികൾ എന്നിവരാണ് എൻഐടിയിൽ വിവിധ ഏജൻസികൾക്കുകീഴിൽ ജോലിചെയ്തിരുന്നത്.
കരാർ നേടുന്ന ഏജൻസികൾ മാറിയാലും മുൻകാലങ്ങളിലെ ജീവനക്കാരെ തുടർന്നും ജോലിക്കുവയ്ക്കുകയാണു പതിവ്. ഇത്തവണ ശുചീകരണ തൊഴിലാളികളെ 150 ആയും സെക്യൂരിറ്റി ജീവനക്കാരെ 119 ആയും കുറച്ചു. 35 ശതമാനം വിമുക്തഭടന്മാർക്കും 10 ശതമാനം വനിതകൾക്കും മാറ്റിവയ്ക്കുന്നതോടെ നിലവിലെ 80 ശതമാനം പേർക്കും ജോലി നഷ്ടമാകും.
പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് വയസ് നിബന്ധന ബാധകമാക്കി വർഷങ്ങളായി ജോലിചെയ്യുന്നവരെ 60 വയസുവരെ തുടരാൻ അനുവദിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
സെക്യൂരിറ്റി നിയമന കരാർ നേടിയ സ്ഥാപനം കഴിഞ്ഞ ദിവസം എൻഐടിയിൽ ഇന്റർവ്യു നടത്താൻ ശ്രമിച്ചത് തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചു. നേരത്തെ ഇരുനൂറോളം ഓഫീസ് ജീവനക്കാരെയും 35 ലൈബ്രറി അസിസ്റ്റന്റുമാരെയും 120 അഡ്ഹോക് ടെക്നിക്കൽ അസിസ്റ്റന്റുമാരെയും പിരിച്ചുവിട്ടതു വലിയ വിവാദത്തിനു വഴിയൊരുക്കിയിരുന്നു.