തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് നിത്യ മേനോൻ. ബാലതാരമായി സിനിമയിലെത്തിയ നിത്യ തന്റെ സ്വാഭാവിക അഭിനയം കൊണ്ടാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ നായികയായും നിത്യ അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും നിത്യക്ക് കഴിഞ്ഞു.
തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയായി മാറിയതിന് പിന്നാലെ നിരവധി ഗോസിപ്പുകളും നിത്യയുടെ പേരിൽ വന്നിരുന്നു. പലപ്പോഴും ഇതിനെതിരേ പ്രതികരിക്കാറില്ല. എന്നാൽ അടുത്തിടെ നിത്യയുടെ പേരിൽ ഒരു വ്യാജ വാർത്ത പ്രചരിച്ചപ്പോൾ താരം ഇതിനെതിരേ രംഗത്തെത്തുകയും ചെയ്തു.
തമിഴ് ചലച്ചിത്രമേഖലയിൽനിന്ന് തനിക്ക് ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ടെന്നും ഒരു സിനിമാ ചിത്രീകരണത്തിനിടെ തമിഴ് നടൻ അപമര്യാദയായി പെരുമാറിയെന്നും നിത്യ പറഞ്ഞതായിട്ടായിരുന്നു റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് വാർത്ത തെറ്റാണെന്ന് നിത്യ അറിയിക്കുകയായിരുന്നു. ഇപ്പോഴിതാ ഒരഭിമുഖത്തിൽ അതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നിത്യ മേനോൻ.
തന്നെക്കുറിച്ച് വരുന്ന കിംവദന്തികളോട് പ്രതികരിക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എന്നാൽ അത് അതിരുവിട്ട ഒന്നായതുകൊണ്ടാണ് താൻ നേരിട്ട് പ്രതികരിച്ചത്. ആരോ എന്നെ ഉപദ്രവിച്ചുവെന്ന് ഒരാൾക്ക് വെറുതെ എങ്ങനെ പറയാൻ കഴിയും? അത് വിളിച്ചു പറയണം എന്ന് എനിക്ക് തോന്നി. ആ ഉത്തരവാദിത്തം എനിക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. മോശം പെരുമാറ്റം ഉണ്ടാവുമ്പോൾ, നിങ്ങൾ അവർക്കുനേരേ വിരൽ ചൂണ്ടണം.
ആഘാതവും അനന്തരഫലങ്ങളും അവർ അഭിമുഖീകരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങളും തെറ്റായ റിപ്പോർട്ടുകളും കൈകാര്യം ചെയ്യുന്നതിന് എനിക്കൊരു രീതിയുണ്ട്. ഒന്നും നമ്മളെ ബാധിക്കാൻ അനുവദിക്കരുത് എന്നതാണ് ലക്ഷ്യം.
ആത്മീയനായ വ്യക്തി അല്ലാത്തപക്ഷം നിങ്ങൾ അതിൽ വളരെ അസ്വസ്ഥനാകും. എന്റെ ആരോഗ്യം എനിക്ക് പ്രധാനമാണ്. അതിനാൽ ആരെങ്കിലും ബുദ്ധിശൂന്യമായി എന്തെങ്കിലും ചെയ്യുന്നു എന്നതിന്റെ പേരിൽ എനിക്ക് അസ്വസ്ഥയാകാൻ കഴിയില്ല. അക്കാര്യത്തിൽ നമ്മൾ കുറച്ചു വളരുകയും പക്വത പ്രാപിക്കുകയും വേണം. തൊലിക്കട്ടി വേണമെന്ന് ആളുകൾ പറയാറുണ്ട്.
പക്ഷേ ഇത് അങ്ങനെയല്ല, അത്തരം കാര്യങ്ങളിൽനിന്ന് നിങ്ങൾക്ക് എങ്ങനെ സ്വയം വേർപെട്ട് നിൽക്കാം എന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയാണ് വേണ്ടത്. എന്നെക്കുറിച്ച് നിരവധി കിംവദന്തികൾ വന്നിട്ടുണ്ട്, ആളുകൾ അതെല്ലാം വിശ്വസിക്കുകയും ചെയ്തിട്ടുണ്ട്. ഓരോന്നും ശരിക്കും സംഭവിച്ചത് പോലെയാണ് എഴുതിയിരിക്കുന്നത്. എന്നാൽ ഇത്തവണ, അതിനെക്കുറിച്ച് സംസാരിക്കേണ്ടത് ആവശ്യമാണെന്ന് തോന്നി- നിത്യ മേനോൻ പറഞ്ഞു.