തിരുവനന്തപുരം: കണ്ണൂർ മയ്യിൽ സിപിഎം നടത്തിയ കൊലവിളി മുദ്രാവാക്യം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. സണ്ണി ജോസഫ് എംഎൽഎയാണ് സഭ നിർത്തിവച്ച് വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.
എന്നാൽ വിഷയം പ്രാദേശികമാണെന്നും അടിയന്തരമായി ചർച്ച ചെയ്യേണ്ട അവശ്യമില്ലെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിലപാട് സ്വീകരിച്ചു. അടിയന്തരപ്രമേയത്തിന് അനുമതിയും അദ്ദേഹം നിഷേധിച്ചു.
ഇതോടെ സഭയുടെ നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ ബഹളം വയ്ക്കുകയും തുടർന്നു സഭ ബഹിഷ്കരിക്കുകയും ചെയ്തു. 14-ാം നിയമസഭയുടെ അവസാന സമ്മേളനത്തിൽനിന്നുമാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.
തദ്ദേശ തെരഞ്ഞെടുപ്പിനിടെ ചെറുപഴശ്ശി സ്കൂൾ ബൂത്ത് ഏജന്റ് പി.പി. സുബൈറിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകർക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സിപിഎം മയ്യിൽ ചെറുപഴശ്ശിയിൽ നൽകിയ സ്വീകരണത്തിലാണ് കൊലവിളി മുദ്രാവാക്യം മുഴക്കിയത്.
പാണക്കാട്ടിൽ പോകേണ്ട ട്രെയിനിംഗൊന്നും കിട്ടേണ്ട, ഓർത്തു കളിച്ചോ തെമ്മാടികളെ. കൊല്ലേണ്ടോനെ കൊല്ലും ഞങ്ങൾ തല്ലേണ്ടോനെ തല്ലും ഞങ്ങൾ കൊന്നിട്ടുണ്ടീ പ്രസ്ഥാനം എന്നായിരുന്നു മുദ്രാവാക്യം.