കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ യുവതി കുത്തേറ്റു മരിച്ചത് ക്രൂരമായ ശാരീരിക പീഡനത്തിനും കുറ്റവിചാരണയ്ക്കുമൊടുവില്‍.
യുവതിയുടെ മരണത്തിനു തൊട്ടു മുമ്പെടുത്ത വീഡിയോ ദൃശ്യങ്ങള്‍ പ്രതിയുടെ മൊബൈലില്‍ നിന്നു ലഭിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായത്.
കോട്ടയം ചങ്ങനാശേരി വാലുമ്മച്ചിറ ചീരംവേലില്‍ രവിയുടെയും തങ്കമ്മയുടെയും മകള്‍ രേഷ്മ രവിയാണു (27) ബുധനാഴ്ച രാത്രി ഒമ്പതരയോടെ കുത്തേറ്റു മരിച്ചത്.
കേസുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത രേഷ്മയുടെ സുഹൃത്തും ഇതേ ഹോട്ടലിലെ കെയര്‍ടേക്കറുമായ കോഴിക്കോടു ബാലുശേരി പി.എ. നൗഷിദിന്റെ അറസ്റ്റ് നോര്‍ത്ത് പോലീസ് രേഖപ്പെടുത്തി.
നോര്‍ത്ത് കൈപ്പിള്ളി ലെയിനിലെ കൈപ്പിള്ളി അപ്പാര്‍ട്ട് ഹോട്ടലിലാണു സംഭവം നടന്നത്. നൗഷിദിന്റെ ചില ശാരീരിക പ്രത്യേകതകളെ രേഷ്മ കളിയാക്കുകയും ഇക്കാര്യം സുഹൃത്തുക്കളോടു പങ്കുവയ്ക്കുകയും ചെയ്തതിലെ വൈരാഗ്യമാണു കൊലയിലേക്കു നയിച്ചതെന്നാണു പ്രതിയുടെ മൊഴി.
സമൂഹമാധ്യമത്തിലൂടെ രേഷ്മയും നൗഷിദും അടുപ്പത്തിലാവുന്നത്. തനിക്കൊപ്പം ലിവിങ് ടുഗദര്‍ ജീവിതമാരംഭിക്കാന്‍ ഫ്ളാറ്റ് വാടകയ്ക്കെടുക്കാന്‍ രേഷ്മ നൗഷിദില്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്.
ഇതിനു തയാറാകാതെ വന്നതോടെയാണു തന്നെപ്പറ്റി അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ രേഷ്മ നടത്തിയതെന്നാണു മൊഴി.
തുടര്‍ന്നു ബുധനാഴ്ച രേഷ്മയെ നൗഷിദ് ഫോണ്‍ ചെയ്തു ഹോട്ടലിന്റെ രണ്ടാം നിലയിലെ മുറിയിലേക്കു വിളിച്ചുവരുത്തുകയായിരുന്നു.
രേഷ്മ മുറിയിലെത്തിയ ഉടന്‍ കളിയാക്കിയതിനെച്ചൊല്ലി ചോദ്യംചെയ്യലും മര്‍ദ്ദനവും ആരംഭിച്ചു. ഇതെല്ലാം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
മാനസിക ശാരീരിക പീഡനം സഹിക്കാനാകാതെ ഒരു ഘട്ടത്തില്‍ ‘തന്നെ കൊന്നേക്കാന്‍’ രേഷ്മ ആവശ്യപ്പെട്ടെന്നും ഇതോടെയാണു കയ്യില്‍ കരുതിയ കത്തികൊണ്ടു രേഷ്മയുടെ കഴുത്തില്‍ കുത്തിയതെന്നുമാണു നൗഷിദ് പറയുന്നത്.
പ്രതി തന്നെയാണു ഹോട്ടല്‍ ഉടമയെ വിളിച്ച് രേഷ്മയെ താന്‍ കുത്തിയതായി അറിയിച്ചത്. വിവരം അറിഞ്ഞ് പോലീസ് എത്തുമ്പോഴും രേഷ്മയ്ക്കു ജീവനുണ്ടായിരുന്നു.
ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസിന്റെ ചോദ്യങ്ങള്‍ക്കു പരസ്പരവിരുദ്ധമായ ഉത്തരങ്ങള്‍ നല്കി തനിക്കു മാനസികരോഗമാണെന്നു വരുത്തിത്തീര്‍ക്കാനുള്ള തന്ത്രം പ്രതി നടത്തുന്നതായി പോലീസ് സംശയിക്കുന്നു.
പ്രതിക്കെതിരെ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമത്തിനു മുമ്പു കേസുണ്ടെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ കുറച്ചു കാലമായി രേഷ്മ എറണാകുളത്താണു താമസിക്കുന്നത്. വീട്ടില്‍ ചെന്നിട്ടു മാസങ്ങളായെന്നും
ഓണത്തോടനുബന്ധിച്ചു വീട്ടില്‍ വരാമെന്നു ഫോണില്‍ പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു. രാഗേഷ് ഏക സഹോദരനാണ്. സംസ്കാരം ഇന്ന് 12നു വീട്ടുവളപ്പില്‍ നടക്കും.
അതേസമയം ഹോട്ടലില്‍ യുവതിയുടെ കൊലപാതകത്തിലേക്കു നയിച്ച കാരണങ്ങളില്‍ ദുര്മന്ത്രവാദപ്പേടിയുമുണ്ടെന്നാണ് പോലീസ് പറയുന്നത്.
രേഷ്മ തനിക്കെതിരെ ദുര്‍മന്ത്രവാദം നടത്തിയിരുന്നുവെന്നും തന്റെ ശാരീരിക വൈകല്യങ്ങളുടെ യഥാര്‍ഥ കാരണം അതാണെന്നും നൗഷിദ് പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
രേഷ്മയ്ക്കൊപ്പമുള്ള ദിവസങ്ങളില്‍ രാത്രി ഉറങ്ങി എഴുന്നേല്ക്കുമ്പോള് തന്റെ വായില്‍ രക്തം നിറയുക പതിവാണെന്നും ദുര്‍മന്ത്രവാദത്തിന്റെ ഫലമാണ് ഇതെന്നുമുള്ള അവിശ്വസനീയമായ കാര്യങ്ങളും മൊഴിയിലുണ്ട്.
നൗഷിദ് രേഷ്മയെ വിചാരണ ചെയ്യുന്ന വീഡിയോയിലും ഈ ആരോപണങ്ങളുണ്ട്.