ലക്നോ: ഉത്തർപ്രദേശിൽ മൂന്നു വയസുള്ള പിഞ്ച് കുഞ്ഞിനെ മാനംഭഗപ്പെടുത്തിയ ശേഷം കഴുത്തുഞെരിച്ച് കൊന്ന് വയലിൽ തള്ളി. യുപിയിലെ ലാഖിംപുർ ഖേരിയിലാണ് സംഭവം. ജില്ലയിൽ 20 ദിവസത്തിനിടെ സമാനമായ മൂന്നാമത്തെ സംഭവമാണിത്.
ബുധനാഴ്ച മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. കുട്ടിയുടെ വീട്ടിൽനിന്നും അരകിലോമീറ്റർ മാറി വയലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം പരിശോധനയിൽ പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. പഴയ വൈരാഗ്യത്തിന്റെ പേരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് പിതാവ് പറയുന്നത്.
രണ്ടാഴ്ച മുൻപ് 17 വയസുള്ള പെൺകുട്ടിയും പീഡനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. സ്കോളർഷിപ്പിന് അപേക്ഷിക്കാൻ വീട്ടിൽനിന്നും ഇറങ്ങിയ പെൺകുട്ടിയെ ഗ്രാമത്തിനു വെളിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഗ്രാമത്തിൽനിന്നും 200 മീറ്റർ മാറി പൊട്ടക്കിണറ്റിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വികൃതമാക്കിയ നിലയിലായിരുന്നു.
ജില്ലയിൽ 13 വയസുള്ള പെൺകുട്ടിയും പീഡനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. വയലിൽപോയ പെൺകുട്ടി പിന്നീട് തിരിച്ചുവന്നില്ല. കരിമ്പ് കൃഷി ചെയ്യുന്ന വയലിൽ മൃതദേഹം കണ്ടെത്തി.