മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ കസ്റ്റഡിയിൽനിന്നും രക്ഷപെടാൻ ശ്രമിച്ച കൂട്ടമാനഭംഗക്കേസിലെ പ്രതിയെ പോലീസ് വെടിവച്ചു വീഴ്ത്തി.
10 ാം ക്ലാസുകാരിയെ കൂട്ടമാനഭംഗപ്പെടുത്തിയ കേസിലെ നാലു പ്രതികളിലൊരാളെയാണ് വെടിവച്ചു വീഴ്ത്തി പോലീസ് പിടികൂടിയത്.
കേസിലെ പ്രതികളായ ലഖാൻ, വികാസ് എന്നിവരെ ഇന്ന് രാവിലെയാണ് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകും വഴി എസ്ഐയുടെ തോക്ക് തട്ടിയെടുത്ത് പ്രതികൾ രക്ഷപെടാൻ ശ്രമിച്ചു.
തോക്ക് തട്ടിയെടുത്ത ലഖാൻ പോലീസിനു നേർക്ക് വെടിയുതിർത്തു.
പോലീസ് ലഖാന്റെ കാലിൽ വെടിവച്ചു വീഴ്ത്തി. രണ്ടു പ്രതികളെയും പോലീസ് വീണ്ടും പിടികൂടി. ലഖാനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൗമാരക്കാരിയെ നാല് പേർ ചേർന്നാണ് പീഡിപ്പിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ പ്രതികൾ നിർബന്ധിച്ച് വിഷം കഴിപ്പിച്ചെന്നും ബന്ധുക്കൾ പറയുന്നു.
വീട്ടിൽനിന്നും വൈകുന്നേരം 3.30 ന് പോയ പെൺകുട്ടി തിരികെ 5.15 ന് ആണ് എത്തിയത്. വീട്ടിലെത്തിയ പെൺകുട്ടി പീഡനവിവരം മാതാപിതാക്കളെ അറിയിച്ചു.
പെൺകുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
പെൺകുട്ടിയുടെ വീട്ടിൽനിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നും എല്ലാ സാധ്യതകളും അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.
കേസിലെ പ്രധാന പ്രതി ലഖാന്റെ പേര് ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. ലഖാൻ പെൺകുട്ടിക്കൊപ്പം ട്യൂഷൻ സെന്ററിൽ പഠിച്ചിരുന്നതായും പോലീസ് അറിയിച്ചു.