പ്രമാടം: പത്തനംതിട്ട പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഭൂമിത്ര സേന, ബയോഡൈവേഴ്സിറ്റി ക്ലബുകള്‍ ലോക നാളികേര ദിനത്തോടനുബന്ധിച്ച് തെങ്ങോല, വെള്ളയ്ക്ക, ഈര്‍ക്കില്‍ തുടങ്ങിയവ ഉപയോഗിച്ചുകൊണ്ടുള്ള വിവിധതരം കളിപ്പാട്ടങ്ങളുടേയും മറ്റ് ഉത്പന്നങ്ങളുടെയും പ്രദര്‍ശനം സംഘടിപ്പിച്ചു.
അന്പതില്പരം ക്ലബംഗങ്ങള്‍ തങ്ങള്‍ നിര്‍മിച്ച ഉത്പന്നങ്ങളുമായി പ്രദര്‍ശനത്തില്‍ പങ്കെടുത്തു.പണ്ടുകാലത്ത് കുട്ടികൾ ഉപയോഗിച്ചിരുന്ന ഓലപ്പന്ത്, പമ്പരം, ഓലപ്പാമ്പ് , കണ്ണാടി, പക്ഷി, വാച്ച് തുടങ്ങി നിരവധി കളിപ്പാട്ടങ്ങളും പണ്ടുകാലത്തെ നിത്യോപയോഗ വസ്തുക്കളായ വല്ലം, കുട്ട, പൂക്കൂട തുടങ്ങിയവയുമെല്ലാം പ്രദര്‍ശനത്തിന്റെ ഭാഗമായി ക്രമീകരിച്ചു.
യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ കുട്ടികള്‍ പ്രദര്‍ശനം കാണാനെത്തിയിരുന്നു. മൊബൈലിലും കംപ്യൂട്ടറിലുമായി സമയം ചെലവഴിക്കുന്ന പുതുതലമുറയ്ക്ക് പ്രദര്‍ശനം വ്യത്യസ്ത അനുഭവം പകര്‍ന്നു നല്കി. പ്രിന്‍സിപ്പല്‍ പി.കെ. അശ്വതി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടി.ആര്. ഗീതു, അധ്യാപകരായ അരുണ്‍ മോഹന്‍, കെ.ജെ. ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.