ഭർത്താവിനെ കബളിപ്പിച്ചു കൂട്ടുകാരിക്കൊപ്പം നവവധു പോയി; ആറാം ദിനം കണ്ടെത്തിയപ്പോൾ ഇരുവരും പറഞ്ഞത് ഒരേഒരു കാര്യം; നെഞ്ച് തകർന്ന് യുവാവ് ആശുപത്രിയിൽ

 

ചേർപ്പ്: ഭര്‍ത്താവിനെ കബളിപ്പിച്ചു നവവധു കൂട്ടുകാരിക്കൊപ്പം പോയ സംഭവത്തില്‍ നടന്നത് ആസൂത്രിതമായ കബളിപ്പിക്കല്‍. കല്യാണപ്പിറ്റേന്നാണ് ഭര്‍ത്താവിനെയും ബന്ധുക്കളെയും വീട്ടുകാരെയും കബളിപ്പിച്ചു സ്വര്‍ണാഭരണങ്ങളും പണവുമായി നവവധു കൂട്ടുകാരിയുമായി സ്ഥലംവിട്ടത്.

അന്വേഷണത്തിനൊടുവില്‍ ആറു ദിവസങ്ങള്‍ക്കു ശേഷം ചേര്‍പ്പ് പോലീസ് രണ്ടു പേരെയും മധുരയില്‍നിന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒക്ടോബര്‍ 24നായിരുന്നു കല്യാണം. പഴുവില്‍ സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയാണ് കൂട്ടുകാരിക്കൊപ്പം ചുറ്റിക്കറങ്ങാന്‍ പോയത്.

ആസൂത്രിതമായ കബളിപ്പിക്കലാണ് ഇരുവരും ചേർന്നു നടത്തിയതെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. കല്യാണത്തിനു മുമ്പുതന്നെ നവവധുവും കൂട്ടുകാരിയും സ്ഥലംവിടാന്‍ തീരുമാനിച്ചിരുന്നു. കല്യാണം കഴിഞ്ഞാല്‍ ആഭരണങ്ങളും പണവും കൈവശം വരുമെന്നു കണ്ടാണ് കല്യാണം കഴിയാന്‍ കാത്തിരുന്നതെന്നാണ് ഇരുവരും പോലീസിനു നല്‍കിയിരിക്കുന്ന മൊഴി.

സംഭവം ഇങ്ങനെ: ചാവക്കാട് സ്വദേശിയാണ് ഈ യുവതിയെ വിവാഹം ചെയ്തത്. കല്യാണത്തിന്‍റെ പിറ്റേന്നു ഭര്‍ത്താവിനൊപ്പം ചേര്‍പ്പിലെ ബാങ്കിലെത്തിയ വധു സ്‌കൂട്ടറിലെത്തിയ കൂട്ടുകാരിയോടൊപ്പം പോവുകയായിരുന്നു. ഭര്‍ത്താവിന്‍റെ ഫോണും വാങ്ങി ഉടനെ തിരിച്ചുവരാമെന്നു പറഞ്ഞായിരുന്നു പോക്ക്. ഏറെ നേരം കാത്തിരുന്നിട്ടും ഭാര്യയെ കാണാതായതോടെ ഭര്‍ത്താവ് ആശങ്കയിലായി.

സ്‌കൂട്ടറില്‍ പോയ കൂട്ടുകാരികള്‍ തൃശൂര്‍ സ്റ്റേഷനില്‍ സ്‌കൂട്ടര്‍ വച്ചിട്ടു ചെന്നൈയ്ക്കു ട്രെയിന്‍ ബുക്ക് ചെയ്‌തെങ്കിലും അതില്‍ പോവാതെ കോട്ടയത്തേക്കു ബസില്‍ പോന്നു. പിറ്റേന്നു കോട്ടയത്തുനിന്നു ചെന്നൈയിലേക്കു ട്രെയിനില്‍ പോയി. അവിടെനിന്നു മധുരയിലെത്തി മുറിയെടുത്ത ശേഷം ഇരുവരും ചുറ്റിക്കറങ്ങുകയായിരുന്നു.

ഇതിനിടെ, തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌കൂട്ടര്‍ ഏറെ ദിവസം ഇരിക്കുന്നതു പ്രശ്‌നമാണെന്നു തോന്നിയിട്ട് ഇരുവരും പാലക്കാട്ട് എത്തി. അവിടെനിന്നു ടാക്‌സി വിളിച്ചു തൃശൂരിലെത്തി. രാത്രി പത്തോടെ സ്‌കൂട്ടര്‍ എടുത്തു എറണാകുളത്തേക്കു തിരിച്ചു.

എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു പത്തു ദിവസം സൂക്ഷിക്കാനുള്ള പണം നല്‍കിയിട്ടു വീണ്ടും തിരിച്ചു മധുരയിലേക്കു പോയി.ഇതിനിടെ, മുറിയില്‍ തിരിച്ചു വരാത്തതിനെത്തുടര്‍ന്നു ലോഡ്ജ് നടത്തിപ്പുകാര്‍ ഇവരെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. ഒരു ബന്ധുവിന്‍റെ ഡ്രൈവിംഗ് ലൈസന്‍സിന്‍റെ നമ്പറാണ് മുറിയെടുക്കാനായി ലോഡ്ജില്‍ നല്‍കിയിരുന്നത്.

ഭാര്യയെ കാണാതായ ദിവസം അഞ്ചു വരെ ബാങ്കിനു സമീപം കാത്തുനിന്ന ശേഷം ഭര്‍ത്താവ് ചേര്‍പ്പ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മധുരയിലെ ലോഡ്ജില്‍ ഇവരുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നു ചേര്‍പ്പ് ഇന്‍സ്‌പെക്ടര്‍ ടി.വി.ഷിബുവിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇവര്‍ താമസിച്ച ലോഡ്ജില്‍ത്തന്നെ മുറിയെടുത്തു നിരീക്ഷിച്ച ശേഷം ഇരുവരെയും കസ്റ്റഡിയില്‍ എടുത്തു നാട്ടിലേക്കു കൊണ്ടുവരികയായിരുന്നു.

ഇതിനിടെ, ഭാര്യയെ കാണാതെ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിനെ ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. ചെന്നൈയില്‍ പോയി തുണിക്കടയില്‍ ജോലി ചെയ്ത് ജീവിക്കാനായിരുന്നു കൂട്ടുകാരികളുടെ തീരുമാനമെന്നു പോലീസ് പറഞ്ഞു. ഇതിനായി പണവും മറ്റും കൈയില്‍ കിട്ടാനായി കല്യാണം കഴിയുന്നതുവരെ കാത്തിരിക്കുകയായിരുന്നത്രേ.

Related posts

Leave a Comment