മംഗലംഡാം: വൻ മരത്തിൽ കെട്ടിതൂക്കിയ ഊഞ്ഞാലിലാടി ഓണം ആസ്വദിക്കുകയാണ് നാലാം ക്ലാസുകാരി ദേവനന്ദയും കുഞ്ഞനുജൻ ദിൽജിത്തും. പറവകളെപ്പോലെ അവർ കുട്ടിക്കാലം കളിച്ച് തിമർക്കുകയാണ്.
ഒരു പക്ഷെ, സുഖ സൗകര്യങ്ങളിൽ കഴിയുന്ന കുട്ടികൾക്കൊന്നും ലഭിക്കാത്ത സൗഭാഗ്യമാണ് പരിമിതികളിലും ഇവർക്ക് ലഭ്യമാകുന്നത്. മുപ്പതടിയോളം ഉയരത്തിൽ വരെ ഇവർ ആടി ഉയർന്ന് പൊങ്ങും.
കാണുന്നവർക്ക് ഭയപ്പാട് തോന്നാമെങ്കിലും കാടിനോട് പടവെട്ടി കഴിയുന്ന ഇവർക്ക് അതെല്ലാം രസകരമായ കളികൾ മാത്രം.
കടപ്പാറ മൂർത്തിക്കുന്നിലെ ഉൗരുമൂപ്പൻ വാസുവിന്റെ പേരക്കുട്ടികളാണ് ഇവർ. മകൾ വസന്തയുടെ മക്കൾ. മലയാളിയുടെ ഓണസങ്കല്പങ്ങളിൽ ഉൗഞ്ഞാലിന് വലിയ പ്രാധാന്യമുണ്ട്.
ചിങ്ങമാസം പിറന്നാൽ ഓണത്തിന്റെ വരവറിയിച്ച് വീടിനോട് ചേർന്ന നാട്ടുമാവിൽ ഉൗഞ്ഞാൽ കെട്ടും. അതിൽ പ്രായഭേദമില്ലാതെ ഉൗഞ്ഞാലിന് വിശ്രമം കൊടുക്കാതെയാകും ആട്ടം.
ഉൗഞ്ഞാലിൽ ഏറ്റവും ഉയരത്തിൽ പൊങ്ങി വലിയ കൊന്പിലെ ഇലകളിൽ തൊടുന്നവരാകും മിടുക്കന്മാരും മിടുക്കികളും.
ഗൃഹാതുരമായ ഓർമ്മകളിൽ ദൂരസ്ഥലങ്ങളിൽ ഓണത്തിനായി നാട്ടിലെത്തുന്നവർ ആകർഷകമായ സമ്മാനങ്ങൾ പ്രഖ്യാപിച്ച് മത്സര ബുദ്ധിയോടെയാണ് ഉൗഞ്ഞാലിന്റെ കളികളത്തിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കാനുണ്ടാകും.
ഇന്നതെല്ലാം ഓർമ്മകളിലേക്കൊതുങ്ങുകയാണ്.നഗരങ്ങളിലെ കോണ്ക്രീറ്റ് കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് കുട്ടികൾ. കോവിഡു കൂടിയായപ്പോൾ എല്ലാം അവസാനിച്ച സ്ഥിതിയായി.
അപ്പോഴും കുറച്ചെങ്കിലും ആഘോഷങ്ങളുടെ സൗഭാഗ്യങ്ങൾ സ്വാഭാവികമായ രീതിയിൽ നിലനിൽക്കുന്നത് ഗ്രാമങ്ങളിലും മലയോരത്തുമാണ്.അവിടെ നിയന്ത്രണങ്ങൾക്ക് കുറവുണ്ട്. കുട്ടികളും കുറച്ചു കൂടി സ്വതന്ത്രരാണ്.
മനുഷ്യന് സങ്കല്പിക്കാൻ പോലും കഴിയാത്ത പുതിയ പുതിയ രോഗങ്ങൾ വേട്ടയാടുന്പോൾ ഇനി പൂർവ്വീകമായ ജീവിത ശൈലിയിലേക്കുള്ള തിരിച്ച് പോക്ക് തന്നെ അനിവാര്യമാകുമെന്നാണ് വിലയിരുത്തൽ.