കോഴിക്കോട്: സമൂഹമാധ്യമങ്ങളില്‍ വൈറലാവാന്‍ എന്തും ഏതും പങ്കുവയ്ക്കുന്നവര്‍ കുടുങ്ങും.
പ്രകോപനമായ രീതിയില്‍ പോസ്റ്റിടുകയും അവ പങ്കുവയ്ക്കുകയും ചെയ്യുന്നവരെ കണ്ടെത്താനുള്ള ശ്രമം സൈബര്‍ പട്രോളിംഗ് പോലീസ് ഊര്‍ജിതമാക്കി.
ക്രമസമാധാനം തകര്‍ക്കുന്ന രീതിയില്‍ പൊതുജനങ്ങള്ക്കിടയിലേക്കു സമൂഹമാധ്യമങ്ങള്‍ വഴി ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനാണ് പോലീസ് തീരുമാനം.
സൈബര്‍ ഡോമും ഓരോ ജില്ലയിലെ യും സൈബര്‍ സെല്ലും സൈബര്‍ പോലീസും ഇക്കാര്യം വിശദമായി പരിശോധിക്കും .
ജമ്മു-കാഷ്മീരിലെ കത്വയില്‍ എട്ടുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടത്തിയ വാട്സ് ആപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ടും ശബരിമലയിലെ യുവതീപ്രവേശം, ഹര്‍ത്താല്‍ എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങള്‍ അടിസ്ഥാനമാക്കിയും സമൂഹമാധ്യമങ്ങളില്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരേയും നടപടി സ്വീകരിച്ചിരുന്നു.
അടുത്തിടെ ഇ-ബുള്‍ ജെറ്റ് യൂടൂബര്മാര്ക്കെതിരേ കേസെടുത്തതിനു പിന്നാലെ നിരവധി പേര് കലാപത്തിന് ആഹ്വാനവുമായി രംഗത്തെത്തിയിരുന്നു.
ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ വഴി സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരേയും ഇപ്പോള്‍ നടപടി സ്വീകരിക്കുന്നുണ്ട്.
അതത് ജില്ലകളിലെ സ്പെഷല്‍ ബ്രാഞ്ചും ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കും. വിവിധ വിഭാഗങ്ങളുടെ പരിശോധനയില്‍ കണ്ടെത്തുന്ന വിവരങ്ങള്‍ സഹിതം ജില്ലാ പോലീസ് മേധാവിമാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ജില്ലാ പോലീസ് മേധാവിമാര്‍ ഈ റിപ്പോര്‍ട്ടുകള്‍ ലോക്കല്‍ പോലീസിന് കൈമാറിയാണ് നടപടികള്‍ സ്വീകരിക്കുന്നത്. മൂന്നുവര്‍ഷം മുമ്പുള്ള വാട്സ് ആപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് 385 ക്രിമിനല്‍ കേസുകളായിരുന്നു എടുത്തത്.
ഇതേതുടര്‍ന്ന് വാട്സ് ആപ്പ് വഴി വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത് അല്‍പ്പം കുറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ വീണ്ടും പ്രകോപനപരമായ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസ് വീണ്ടുമിറങ്ങുന്നത്.