കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിൽ ഗുരുതരമല്ലാത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് നേരിട്ട് ചികിത്സ തേടുന്നത് ഒഴിവാക്കണമെന്ന് കളക്ടർ.
രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത ആശുപത്രികളിൽപോലും തിരക്ക് വർധിക്കുന്നത് അപകടകരമായ സാഹചര്യത്തിന് ഇടയാക്കും. ഡോക്ടറുടെ സേവനത്തിനായി സൗജന്യ ടെലി കണ്സൾട്ടേഷൻ, ഓണ്‍ലൈൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണം.
7034322777 എന്ന ടെലി കണ്സൾട്ടേഷൻ നന്പരിൽ ഡോക്ടറുമായി നേരിൽ സംസാരിക്കാം. വാട്ട്സാപ് സന്ദേശമയച്ചാൽ ഡോക്ടർ തിരികെ വിളിക്കും. ഇതിനു പുറമെ മൊബൈൽ ഫോണിലോ കംപ്യൂട്ടറിലോ ഇ-സഞ്ജീവനി ഓണ്‍ലൈൻ കണ്സൾട്ടേഷൻ സംവിധാനവും പ്രയോജനപ്പെടുത്താം.
https: //esanjeevaniopd.in/kerala എന്ന ലിങ്ക് സന്ദർശിച്ച് മൊബൈൽ നന്പർ നൽകി രജിസ്റ്റർ ചെയ്തു ടോക്കണ്‍ എടുക്കാം. ടോക്കണ്‍ എടുക്കുന്നവരെ വിദഗ്ധ ഡോക്ടർമാർ വീഡിയോ കോളിലൂടെ ബന്ധപ്പെട്ട് സേവനം ലഭ്യമാക്കും. മരുന്നുകളുടെ കുറിപ്പ് സൈറ്റിൽനിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
രണ്ടു സേവനങ്ങളിലും രോഗികളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. അടുത്ത ഘട്ടമായി കോട്ടയം മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തി ടെലികണ്‍സൾട്ടേഷൻ സംവിധാനം വിപുലീകരിക്കും.