ചവറ: വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ ഉടൻ ലഭ്യമാക്കാൻ വേണ്ട നടപടി സർക്കാർ സ്വീകരിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു.
ചവറ നിയോജക മണ്ഡലത്തിൽ ബേബിജോൺ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിന് അടിസ്ഥാന സൗകര്യമില്ലാത്ത നിർധനരായ കുടുംബത്തിലെ വിദ്യാർഥികൾക്ക് ടെലിവിഷൻ നൽകുന്നതിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു എംപി.
വിദ്യാഭ്യാസത്തിൽ വിഭാഗീയത ഉണ്ടാക്കാൻ പാടില്ല. പൊതുവിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്ക് രാഷ്ട്രീയം നോക്കാതെ മുന്നോട്ട് പോകും. നൻമയെ തകർക്കുന്ന ഒരു നടപടിയും ആരിൽ നിന്നും ഉണ്ടാകരുത്. ഏകപക്ഷീയമായി ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയതിൽ പോരായ്മ ഉണ്ടായി.
എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടു വേണമായിരുന്നു ക്ലാസുകൾ തുടങ്ങാൻ. പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ബേബി ജോൺ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തെക്കുംഭാഗം, നീണ്ടകര പഞ്ചായത്തിലെ നിർധനരായ വിദ്യാർഥികൾക്കാണ് ആദ്യഘട്ട ടെലിവിഷൻ വിതരണം നടന്നത്.
ചവറ മണ്ഡലത്തിലെ മറ്റ് മേഖലകളിൽ വരും ദിവസം അർഹതപ്പെട്ട വിദ്യാർഥികൾക്ക് ടെലിവിഷൻ നൽകും. ആർഎസ്പി ചവറ മണ്ഡലം സെക്രട്ടറി ജസ്റ്റിൻ ജോൺ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ നെയ്ത്തിൽ വിൻസെന്റ്, ശിവൻകുട്ടി, എസ്.രാജശേഖരൻ, സി.ആർ.സുരേഷ്, അനിൽ തെക്കുംഭാഗം, ബാബു പ്രഭാകർ, ഓമനക്കുട്ടൻ, സുഭാഷ് കുമാർ, വിജയകുമാർ, ജാക്സൺ, ആനന്ദ് ഷൈൻ, ഗ്രാമ പഞ്ചയത്തംഗം മോളി ഭവ്യൻ, ഗുഹാനന്ദപുരം ഹൈസ്കൂൾ എച്ച്എം വിനോദ്, സെന്റ് സെബാസ്റ്റ്യൻ എൽപി സ്കൂൾ പ്രഥമാധ്യപിക പ്രസന്നകുമാരി, ജയലക്ഷ്മി, ഹരി മണ്ണാശേരി, സാബു, ജോസി തുടങ്ങിയവർ പങ്കെടുത്തു.