ആലുവ: ഓൺലൈനിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് 45 പേരിൽ നിന്ന് 250 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്ത് എത്തിച്ചെന്ന് പോലീസ് നിഗമനം. ബംഗളൂരു വിദ്യാർണപുര സ്വാഗത് ലേ ഔട്ട് ശ്രീനിലയത്തിൽ മനോജ് ശ്രീനിവാസി(33)നെയാണ് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഈ കേസിൽ എറണാകുളം ജില്ലയിൽ നടന്ന ഓൺലൈൻ തട്ടിപ്പിലാണ് ഒരാൾ സൈബർ പോലീസിന്റെ വലയിൽ കുടുങ്ങിയത്. നോർത്ത് പറവൂർ സ്വദേശികളായ സ്മിജയിൽ നിന്ന് ഏഴ് ലക്ഷത്തോളം രൂപയും ബിനോയിയിൽ നിന്ന് 11 ലക്ഷത്തോളം രൂപയും തട്ടിയെടുത്തെന്നായിരുന്നു സൈബർ പോലീസിൽ ലഭിച്ച പരാതി.
തുടർന്ന് സൈബർ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ തട്ടിപ്പു സംഘം നാൽപ്പഞ്ചോളം അക്കൗണ്ടുകളിൽ നിന്ന് 250 കോടിയുടെ വിനിമയം നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി.
പാർട്ട് ടൈം ജോലിയുടെ ഭാഗമായി ഓൺലൈൻ ടാസ്ക് എന്ന പേരിൽ നടത്തുന്ന തട്ടിപ്പിലൂടെയാണ് പറവൂർ സ്വദേശികൾക്ക് പണം നഷ്ടമായത്. യൂ ട്യൂബ് ലൈക്ക് വഴി വരുമാനം, നിക്ഷേപ തുകയ്ക്ക് 25 ശതമാനം അധിക തുക എന്നിങ്ങനെയായിരുന്നു ഇവർക്ക് ലഭിച്ച വാഗ്ദാനം.
ആദ്യ ഘട്ടത്തിൽ 1000 രൂപ നിക്ഷേപിച്ചാൽ 250 രൂപ ലാഭം, പ്രതിഫലം എന്ന പേരിൽ 1250 രൂപ വരുമാനം കൈമാറിയാണ് വിശ്വാസം ആർജിക്കുന്നത്. ഇതിനു ശേഷം വലിയ തുകകൾ നിക്ഷേപിക്കാൻ ആവശ്യപ്പെടും.
ഇതിന്റെ ലാഭം തിരികെ ലഭിക്കുന്നതിനായി ജിഎസ്ടി, അനുബന്ധ നികുതികൾ എന്നിങ്ങനെ കൂടുതൽ തുകകൾ വാങ്ങി കബളിപ്പിക്കുകയാണ് ഇവ രുടെ രീതി.
തട്ടിപ്പ് നടത്തുന്നതിനായി ഇരകളെക്കൊണ്ട് കറന്റ് അക്കൗണ്ട് എടുപ്പിക്കുന്നത് മനോജാണ്. തുടർന്ന് മനോജും സംഘവും ചേർന്ന് ഈ അക്കൗണ്ട് കൈകാര്യം ചെയ്യും. ഇത്തരത്തിൽ നാൽപ്പത്തിയഞ്ചോളം അക്കൗണ്ടുകളാണ് സംഘം സ്വന്തമാക്കിയത്.
ഇതിലേക്കാണ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയാകുന്നവർ പണം നിക്ഷേപിക്കുന്നത്. 250 കോടിയിലേറെ രൂപ ഇത്തരത്തിൽ അക്കൗണ്ടുകൾ വഴി കൈമാറ്റം ചെയ്തെന്നാണ് കണ്ടെത്തൽ.
ദുബൈയിൽ ജോലി ചെയ്യുന്ന കെവിൻ, ജെയ്സൻ എന്നിവരെ സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ടെന്നും അവർ പങ്കാളികളായാണ് തട്ടിപ്പ് ആരംഭിച്ചതെന്നുമാണ് മനോജ് പറഞ്ഞത്.
എന്നാൽ സൈബർ പോലീസിന്റെ അന്വേഷണത്തിൽ ഈ പേരുകളും അക്കൗണ്ടും വ്യാജമാണെന്നും ചൈനയിൽ നിന്നാണ് ഇതിന്റെ ഓപ്പറേഷനെന്നും കണ്ടെത്തി. നിലവിൽ ബംഗളൂരു സിറ്റി സൈബർ പോലീസിൽ പ്രതിക്കെതിരെ കേസുകളുണ്ട്.
എറണാകുളം റൂറൽ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.ബി. ലത്തീഫ്, എസ്ഐ പി.ജി. അനൂപ്, എഎസ്ഐ റെനിൽ വർഗീസ് സീനിയർ സിപിഒമാരായ വികാസ് മണി, ലിജോ ജോസ്, ജെറി കുര്യാക്കോസ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.