നെടുന്പാശേരി: പത്താംക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം ആലുവ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കും. ചെങ്ങമനാട് കപ്രശേരി വടക്കുഞ്ചേരി ജെയ്മിയുടെ മകൻ അഗ്നൽ (15) ആണു കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
സ്കൂളിൽനിന്നു വീട്ടിലെത്തിയ ശേഷം അഗ്നൽ ഭക്ഷണം കഴിച്ച് മുറിയിലേക്കു പോയി. വിമാനത്താവളത്തിൽ ടാക്സി ഡ്രൈവറായ ജെയ്മി ജോലി കഴിഞ്ഞ് വീട്ടിലെത്തി ഏറെനേരം കഴിഞ്ഞിട്ടും മകന്റെ മുറിയുടെ വാതിൽ തുറക്കാതായതോടെ ചവിട്ടി തുറന്നപ്പോഴാണ് കുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഓണ്‍ലൈൻ ഗെയിമിലെ ടാസ്കാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് സൂചന. ശരീരമാകെ മഴക്കോട്ടുകൊണ്ട് മൂടി കൈകളും കാലുകളും കെട്ടി വായ് ടേപ്പുകൊണ്ട് ഒട്ടിച്ച നിലയിലായിരുന്നു.
അമ്മയുടെ ഫോണിൽ ഡെവിൾ എന്ന ഗെയിം ഇൻസ്റ്റാൾ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. തുടരന്വേഷണത്തിനായി ഫോണ്‍ പോലീസ് പരിശോധിച്ചുവരികയാണ്. അമ്മ: ജിനി കുരിയിക്ക വീപ്പാടൻ കുടുംബാംഗം. സഹോദരി: എയ്ഞ്ചൽ.