പയ്യന്നൂർ: കുന്നരുവിലെ ആദിയും ആരോണും സർക്കാരിന്റെ വാക്സിൻ ചാലഞ്ചിലേക്ക് സംഭാവന ചെയ്ത കോഴികളിൽ തുടങ്ങിയ ലേലം വൈറലായി.
ഒന്നേകാൽ ലക്ഷത്തോളം ലേലത്തുകയെത്തിയതോടെ ഇന്നലെ അവസാനിപ്പിക്കാനുദ്ദേശിച്ച ലേലം ഇന്നും തുടരേണ്ട അവസ്ഥയിലാണ്. ലേലത്തിലേക്കായി കൂടുതൽ ഉത്പന്നങ്ങൾ സംഭാവനയായി ലഭിച്ചതാണ് ലേലം ഇന്നും തുടരാനിടയാക്കിയത്.
കുന്നരു യുപി സ്കൂൾ വിദ്യാർഥികളായ ആദി ജാക്സണും സഹോദരൻ ആരോണ് ജാക്സണുമാണ് രക്ഷിതാക്കളുടെ സമ്മതത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴികളെ സംഭാവന ചെയ്യാൻ തീരുമാനിച്ചത്.
കഴിഞ്ഞവർഷം കോവിഡ് ആരംഭത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ പിആർഒ ജാക്സണ് ഏഴിമലയും ഭാര്യ ജിനിയയും അമ്മ റീത്താമ്മച്ചിയും വളർത്തിവന്ന കോഴികളെയാണ് ഇതിലേക്ക് സംഭാവനയായി നൽകിയത്.
ഈ കോഴികൾക്ക് ലഭിക്കാവുന്ന പരമാവധി തുക വാക്സിൻ ചാലഞ്ചിനായി സംഭാവന ചെയ്യാൻ തീരുമാനിച്ച ജാക്സണ് അതിനായി കണ്ടെത്തിയ വഴിയാണ് ജനകീയ ലേലം.
ജനകീയ ലേലം
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം ഏഴിമല എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ലേലം. വാക്സിൻ ചാലഞ്ചിന്റെ ഭാഗമായുള്ള ലേലത്തിനായി മറ്റുള്ള സുമനസുകളുടെ സഹായംകൂടി ഇവർ അഭ്യർഥിച്ചിരുന്നു.
ആദ്യദിവസത്തെ ലേലം ഉറപ്പിച്ച പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ അനസ്തെഷ്യസ്റ്റ് ഡോ. അനിൽ ഈ കോഴികളെ വീണ്ടും ലേലം ചെയ്യാനായി സംഭാവന ചെയ്തതോടെയാണ് ലേലം പുതിയ തലത്തിലേക്കെത്തിയത്.
പിന്നീട് ജാക്സന്റെ ജ്യേഷ്ഠൻ ചാൾസന്റെ ’ചാൾസണ് ഏഴിമല സ്വിമ്മിംഗ് അക്കാദമി’യുടെ ഫേസ് ബുക്ക് പേജിലൂടെയായി ലേലം.
തുടർന്നുള്ള ദിവസങ്ങളിൽ ലേലം ഉറപ്പിച്ച വേലിയാട്ട് ചന്ദ്രൻ, ജിത്തു ഏഴിമല, കാസർഗോഡ് ബേക്കൽ സ്റ്റേഷനിലെ സിപിഒ റോജൻ, കൊല്ലം കുണ്ടറ സ്വദേശി സുരേഷ് ലോറൻസ്, ഏഴിമലയിലെ ബാബു ഷേർളി, കുന്നരു തെക്കേഭാഗത്തെ പ്രമോദ് എന്നിവർ ഡോക്ടറുടെ മാതൃക സ്വീകരിച്ച് ലേലമുറപ്പിച്ച കോഴികളെ വീണ്ടും ലേലത്തിനായി സംഭാവന ചെയ്തു.
ഇങ്ങിനെ ആദിയും ആരോണും നൽകിയ പത്ത് കോഴികൾക്ക് മാത്രമായി വിളിച്ച ലേലത്തുക 50,600 ആയി ഉയർന്നു. ഇതിനിടയിൽ കണ്ണൂർ താളിക്കാവിലെ നാലുവയസുകാരൻ സാംരംഗ് കൃഷ്ണ നാല് ഗിനിക്കോഴികളെ സംഭാവന ചെയ്തു.
ഇതിന്റെ ലേലം കഴിഞ്ഞപ്പോൾ വീട്ടിൽ വളർത്തിക്കൊണ്ടിരുന്ന രണ്ട് ആടുകളെക്കൂടി രക്ഷിതാക്കളുടെ അനുമതിയോടെ സാരംഗ് സംഭാവന ചെയ്തു. ലേലത്തിന്റെ സമാപനമായി ഇന്നലെ രാത്രി നടത്തിയ ഈ ആടുകളുടെ ലേലമുറപ്പിച്ചത് 66,100 രൂപയ്ക്കായിരുന്നു.
അവസാനം ഇന്ന് രാത്രി
എന്നാൽ, കുഞ്ഞിമംഗലത്തെ സുനിൽകുമാർ താറാവും കോഴിയും ഏഴിമലയിലെ ജാൻസി ബേബി കോഴി, തേങ്ങ, മാങ്ങ, ചക്ക എന്നിവയും ഷേർളി ബാബു താറാവും പൂവൻ കോഴിയും വാക്സിൻ ചാലഞ്ചിനായുള്ള ലേലത്തിനായി സംഭാവന ചെയ്തതോടെ ലേലം ഇന്നും തുടരേണ്ടിവന്നത്.
വാക്സിൻ ചാലഞ്ചിന് വേണ്ടിയുള്ള ലേലം വൈറലാവുകയും ജനങ്ങൾ ഏറ്റെടുക്കുകയും ചെയ്തപ്പോൾ ഒരുലക്ഷം രൂപയോളം സമാഹരിക്കാനാവുമെന്നായിരുന്നു കണക്കുകൂട്ടൽ.
എന്നാൽ, ഇന്നലെ ആടുകളുടെ ലേലം കഴിഞ്ഞതോടെ ആകെ വിളിച്ച ലേലത്തുക ഒന്നേകാൽ ലക്ഷം കവിഞ്ഞു. ഈ സംരംഭത്തിലേക്ക് സംഭാവനയായി ലഭിച്ചിട്ടുള്ള താറാവുകളും കോഴികളും കോഴിക്കുഞ്ഞുങ്ങളും ചക്ക, മാങ്ങ, തേങ്ങ എന്നിവയും ഇന്ന് രാത്രി ലേലം ചെയ്ത് മൂന്നാഴ്ചകളിലായി തുടർന്നുവരുന്ന ലേല പരന്പര സമാപിക്കും.