ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നു മുതൽ ഒപി ചീട്ട് ലഭിക്കണമെങ്കിൽ അഞ്ചു രൂപ നൽകണമെന്നുള്ള തീരുമാനം ഇന്നില്ലെന്നും അധികം താമസിയാതെ ഇത് നടപ്പിലാക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ആർദ്രം പദ്ധതി പ്രകാരം ഒപി ടിക്കറ്റ് കൗണ്ടർ പരിഷ്കരിക്കുകയും കംപ്യൂട്ടർവത്കരിക്കുകയും ചെയ്തു. രോഗികൾക്കും കൂടെയെത്തുന്നവർക്കും വിശ്രമത്തിനായി കസേരകളും സജ്ജീകരിച്ചിട്ടുണ്ട്. മികവുറ്റ പ്രവർത്തനം കാഴ്ചവയ്ക്കുന്നതിനായി ആശുപത്രി വികസന സമിതിക്ക് ഫണ്ട് ആവശ്യമാണ്.
ഒരു രോഗിക്ക് ഒപി ചീട്ട് ലഭിക്കണമെങ്കിൽ അഞ്ചു രൂപ നൽകണം. രോഗി പിന്നീട് പലതവണ വന്നാൽ പണം അടക്കേണ്ടതില്ലെന്ന് അധികൃതർ പറയുന്നു. ഒരു തവണ എടുത്ത ഒപി ചീട്ട് ഡോക്ടർ എഴുതി തീർന്നശേഷം പിന്നീട് ഒപി ചീട്ട് ആവശ്യമായി വരുന്പോൾ വീണ്ടും ഫീസ് കൊടുക്കേണ്ടി വരുമെന്ന ആശങ്കയാണ് രോഗികൾക്കുള്ളത്. മാസങ്ങൾക്കു മുൻപ് കൂടിയ ആശുപത്രി വികസന സമിതിയുടേതാണു തീരുമാനമെന്നും അധികൃതർ പറയുന്നു.
സർക്കാർ സർവീസിൽ വിരമിച്ചവരേയും ആശുപത്രി വികസന സമിതി ശുപാർശ പ്രകാരം ജോലിയിൽ പ്രവേശിച്ച വിരമിച്ചവരടക്കം നൂറ് കണക്കിന് ആളുകളെ ഒരുമാനദണ്ഡങ്ങളും പാലിക്കാതെ മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ തസ്തികയിൽ നിയമിക്കുകയും ഇവർക്ക് ശബളം നൽകുവാൻ ആശുപത്രി വികസന സമിതിയുടെ ഫണ്ട് തികയാത്തതാണ് ഇത്തരത്തിൽ ഫീസ് നിശ്ചയിച്ച് പണം കണ്ടെത്തുവാൻ ശ്രമിക്കന്നതെന്നാണ് സ്ഥിരം ജീവനക്കാരുടെ സർവീസ് സംഘടനാ നേതാക്കൾ ആരോപിക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് അടക്കം കേരളത്തിലെ എല്ലാ മെഡിക്കൽ കോളജ് ആശുപത്രികളിലും ഒപി ചീട്ടിന് ഫീസ് ഈടാക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ പറയുന്നു.