സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ മലയോര മേഖലയിലെ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ആശ്രയമായിട്ടുള്ള സ്വകാര്യ ബസ് സർവീസുകൾ പൂട്ടിക്കാനായി അധികാരികൾ തന്നെ രംഗത്തെന്ന് ആക്ഷേപം.
സംസ്ഥാനത്ത് സ്വകാര്യ ബസ് സർവീസുകൾ ഓർഡിനറികൾ മാത്രം മതിയെന്നും യാത്രാദൂരം പരമാവധി 140 കിലോമീറ്ററിൽ താഴെ മതിയെന്നതുമുൾപ്പെടെയുള്ള വ്യവസ്ഥകളുമായി നിയമം നടപ്പാക്കാനുള്ള നീക്കത്തിലാണ് ഗതാഗത വകുപ്പ്.
140 കിലോമീറ്ററിൽ കൂടുതൽ ദൂരം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നല്കേണ്ടെ ന്ന സർക്കാർ തീരുമാനത്തിനെതിരേ ബസുടമകൾ കോടതിയെ സമീപിക്കുകയും സുപ്രീം കോടതിയിൽ നിന്നു അനുകൂലമായ ഉത്തരവ് വന്നതിനു പിന്നാലെയാണ് ഇപ്പോൾ പുതിയ നീക്കവുമായി സർക്കാർ രംഗത്തു വന്നത്.
സ്വകാര്യ ബസുകൾ എല്ലാം ഓർഡിനറി ബസുകൾ മാത്രമായി സർവീസ് നടത്തണമെന്ന നിർദേശവുമായാണ് ട്രാൻസ്പോർട്ട് വകുപ്പ് രംഗത്ത് എത്തിയിട്ടുള്ളത്. ഇത് നടപ്പാക്കിയാൽ സ്വകാര്യബസ് മേഖല തന്നെ ഇല്ലാതാകുമെന്നാണ് ബസ് ഉടമകൾ ഒന്നടങ്കം പറയുന്നത്.
ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റിൽ സർവീസ് നടത്തുന്ന പല സ്വകാര്യ ബസുകളും ഇത്തരത്തിൽ ഓർഡിനറി ബസുകൾ ആയി മാറിയാൽ ദീർഘദൂര സർവീസുകൾ നിലവിലുള്ള സമയത്തെക്കാൾ മണിക്കൂറുകളുടെ വ്യത്യാസം ഉണ്ടാവും.
മലയോര ജില്ലയായ ഇടുക്കിയിലെ കുമളിയിൽ നിന്നും കട്ടപ്പന വഴി എറണാകുളത്തിനു പോകുന്ന ബസ് അഞ്ചര മണിക്കൂറാണ് യാത്ര സമയമായി എടുത്തിരുന്നതെങ്കിൽ ഓർഡിനറി സർവീസ് ആക്കി മാറ്റിയാൽ അത് ഏഴു മണിക്കൂർ വരെയായി ഉയരും.
ദീർഘദൂര സ്വകാര്യ ബസുകളെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ജില്ലകൾ ഇടുക്കി, വയനാട് ,കണ്ണൂർ ഉൾപ്പെടെയുള്ള കുടിയേറ്റ ജില്ലകളാണ്. ഇടുക്കിയിൽ കുമളി, കട്ടപ്പന ഉൾപ്പെടെയുള്ള മലയോരമേഖലയിൽ നിന്നും ഏറണാകുളം ജില്ലയിലേക്ക് ആശുപത്രി കാര്യങ്ങൾക്ക് ഉൾപ്പടെ പോകുന്നവർ കൂടുതലായും ആശ്രയിക്കുന്നത് ഈ ദീർഘദൂര സ്വകാര്യ ബസുകളെയാണ്.
കണ്ണൂരിലേയും വയനാട്ടിലേയും കുടിയേറ്റ മേഖലകളിയേക്ക് പോവുന്നതിനും സ്വകാര്യ ബസുകളെ ആശ്രയിക്കുന്നവർ ഏറെയാണ്.നിയമപോരാട്ടം നടത്തി ദീർഘദൂര സർവീസ് സംബന്ധിച്ച അനുകൂലമായി വിധി സന്പാദിച്ചപ്പോൾ ഗതാഗത വകുപ്പ് ഈ ബസുകളുടെ സർവീസ് സമയത്തിനു തൊട്ടുമുന്പേ കെഎസ്ആർടിസി സർവീസുകൾ ഇട്ടു.
ടേക്ക് ഓവർ സർവീസ് എന്ന പേരിൽ നിലവിലുള്ള ബസ് ചാർജിനേക്കാൾ 30 ശതമാനം കുറവു തുക ഈടാക്കിയാണ് ഈ സർവീസ്. ഇത്തരത്തിൽ സർവീസ് നടത്തുന്നതിനായി ബസ് എത്തിക്കുന്നതിന് നിലവിൽ സർവീസ് നടത്തിവന്നിരുന്ന പല റൂട്ടുകളിൽ നിന്നും ബസ് പിൻവലിച്ചുകൊണ്ട ാണ് ക്രമീകരണം ചെയ്തിട്ടുള്ളത്.
തങ്ങളുടെ സർവീസിനു തൊട്ടുമുന്നിലായി ഇത്തരത്തിൽ കെഎസ്ആർടിസി സർവീസുകൾ നടത്തുന്നതു മൂലം സ്വകാര്യ ബസുകൾ പലതും സാന്പത്തീക ബാധ്യതയിലുമാണ്.
ടേക് ഓവർ സർവീസുകൾ കെഎസ്ആർടിസി പിൻവലിക്കുകയും സാന്പത്തിക ബാധ്യത മൂലം സ്വകാര്യ ബസുകൾ സർവീസ് നിർത്തലാക്കുക കൂടി ചെയ്താൽ മലയോര ജനങ്ങളുടെ യാത്ര തന്നെ പ്രതിസന്ധിയിലാകും.
കോവിഡ് വ്യാപനത്തിന് മുന്പ് സംസ്ഥാനത്ത് 14000 സ്വകാര്യ ബസുകളായിരുന്നു സർവീസ് നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ അത് നേർ പകുതിയോളമായി.
ആയിരക്കണക്കിന് തൊഴിലാളികൾക്ക് തൊഴിലവസരം ലഭിക്കുന്ന മേഖലയായിട്ടും സ്വകാര്യ ബസ് മേഖലയോട് അധികാരികൾ ഇത്തരത്തിൽ സമീപനം സ്വീകരിക്കുന്നത് എന്തിനാണെന്നാണ് ബസ് ഉടമകളും തൊഴിലാളികളും ചോദിക്കുന്നത്.