തിരുവനന്തപുരം: ഓര്‍ത്തഡോക്സ്-യാക്കോബായ സഭാതര്‍ക്കം പരിഹരിക്കുന്നതിന് പിണറായി സര്‍ക്കാര്‍ പുതിയ ഫോര്‍മുലയുമായി രംഗത്ത്.ഇതിനായുള്ള കരട് ബില്‍ തയാറായാതായി സൂചന. ജസ്റ്റിസ് കെ.ടി.തോമസ് അധ്യക്ഷനായ സമിതിയാണ് കരട് ബില്‍ തയാറാക്കിയിരിക്കുന്നത്. പള്ളികളുടെ ഉടമസ്ഥത തീരുമാനിക്കാന്‍ പുതിയ വ്യവസ്ഥയുള്പ്പെടെയുള്ള ഫോര്‍മുലയാണ് മുന്നോട്ട് വയ്ക്കുന്നത്.
തര്‍ക്കം പരിഹരിക്കാന്‍ പ്രത്യേക അഥോറിറ്റിയെ നിയമിക്കാനാണ് തീരുമാനം. തര്‍ക്കമുള്ള പള്ളികളില്‍ തലയെണ്ണി തീരുമാനമെടുക്കും. ഇരുസഭകളില്‍ നിന്നും ഓരോ അംഗങ്ങള്‍ ഉണ്ടാകണം.ഓരോ അംഗങ്ങളെ സഭാ നേതൃത്വം നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ നിയമിക്കും. മലങ്കര സഭാതര്‍ക്കവുമായി ബന്ധപ്പെട്ട 2017-ലെ സുപ്രീംകോടതി വിധിയെ മറികടക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാനമായ വ്യവസ്ഥകള്‍ ബില്ലിലുള്ളതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിരമിച്ച ജഡ്ജി അഥോറിറ്റിയുടെ നേതൃത്വം വഹിക്കണമെന്നാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്ന ഫോര്മുലയെന്നാണ് ലഭിക്കുന്ന വിവരം.റഫറണ്ടം കഴിയും വരെ ആരെയും പള്ളികളില്‍ നിന്നും ഒഴിപ്പിക്കരുത്. ഭൂരിപക്ഷം തെളിയിക്കാന്‍ റഫറണ്ടം വേണം. ഇത് സംബന്ധിച്ചുള്ള കരട് ബില്‍ ജസ്റ്റിസ് കെ.ടി തോമസ് സര്‍ക്കാരിന് കൈമാറി.അഥോറിറ്റിയുടെ തീരുമാനം ഇരുസഭകള്‍ക്കും ബാധകമായിരിക്കും.