കാസര്‍ഗോഡ്: കൈവയ്ക്കുന്ന സംരംഭങ്ങളെല്ലാം എട്ടുനിലയില്‍ പൊട്ടുന്ന ചില സിനിമാകഥാപാത്രങ്ങളെപ്പോലെയാണ് ഇപ്പോള്‍ പ്ലാന്റേഷന് കോര്‍പറേഷന്റെ അവസ്ഥ.
പല സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വിജയമാതൃകകള്‍ കണ്ട് വൈവിധ്യവത്കരണത്തിന്റെ പാതയിലേക്ക് മുന്നും പിന്നും നോക്കാതെ എടുത്തുചാടിയെങ്കിലും ഒന്നും ഇതുവരെ ക്ലച്ചുപിടിച്ചില്ല. കശുമാങ്ങയില്‍നിന്നുള്ള നീരയെന്ന് വിശേഷിപ്പിക്കാവുന്ന “ഓഷിയാന’യാണ് ഇതിന്റെ ഒടുവിലത്തെ ഉദാഹരണം.
പ്ലാന്റേഷന് കോര്‍പറേഷന്റെ തോട്ടങ്ങളില്‍ പാഴായിപ്പോകുന്ന കശുമാങ്ങ സംഭരിച്ച് അവയുടെ നീരെടുത്ത് കാര്‍ബണേറ്റ് ചെയ്താണ് ഓഷിയാന എന്ന പാനീയം തയാറാക്കിയത്.
ചാരായത്തിന്റെ ദോഷവശങ്ങളൊന്നുമില്ലാതെ ശുദ്ധമായ കശുമാങ്ങാനീര് ശാസ്ത്രീയമായി സംസ്കരിച്ചു തയാറാക്കുന്ന പാനീയത്തിന് മികച്ച വിപണി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഒന്നര വര്‍ഷം മുമ്പ് ഏറെ കൊട്ടിഘോഷിച്ചാണ് പാനീയം പുറത്തിറക്കിയത്.
പ്ലാന്റേഷന് കോര്പറേഷന് ഒരു പാനീയം പുറത്തിറക്കിയെന്നറിഞ്ഞ് അതന്വേഷിച്ച് ആരും ഗോഡൗണിലേക്ക് വരില്ലല്ലോ എന്നാണ് ഇപ്പോള്‍ തൊഴിലാളികള്‍ പറയുന്നത്. പാനീയത്തിന്റെ മാര്‍ക്കറ്റിംഗിന് ആവശ്യമായ യാതൊന്നും കോര്പറേഷന് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായില്ല.
നീരയുടെ കാര്യത്തില്‍ ഉണ്ടായിരുന്നതുപോലെ ഇതു വില്‍ക്കുന്നതിന് എക്സൈസ് വകുപ്പിന്റെ അനുമതി വേണ്ടിവരുമോയെന്ന സംശയവും ഉയര്‍ന്നുവന്നു.
അത് പരിഹരിക്കുന്നതിനും പാനീയം കൃത്യമായി വിപണിയിലെത്തിക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ കോര്പറേഷന് തലപ്പത്ത് പതിവുപോലെ ഇഴഞ്ഞുനീങ്ങിയപ്പോള്‍ ആയിരക്കണക്കിന് കുപ്പി പാനീയമാണ് ബോവിക്കാനം മുതലപ്പാറയിലെ ഗോഡൗണില്‍ കെട്ടിക്കിടക്കുന്നത്.
ഇങ്ങനെ കാത്തുവച്ചിട്ടൊടുവില് അനുവദനീയമായ സമയപരിധി കഴിഞ്ഞ് ഇതെല്ലാം ഉപയോഗശൂന്യമായിപ്പോകുകയേ ഉള്ളൂവെന്നാണ് തൊഴിലാളികളുടെ ആശങ്ക. ചെലവില്ലാത്തതിനാല്‍ ഇപ്പോള്‍ ഉത്പാദനവും നിര്‍ത്തി.
ഇതോടെ ഈ സംരംഭത്തിനായി കോര്പറേഷന് ചെലവഴിച്ച കോടിക്കണക്കിന് രൂപയും പതിവുപോലെ വെള്ളത്തിലാകുകയാണ്.ബോവിക്കാനത്തെ ഓഫീസിനോടു ചേര്‍ന്ന കെട്ടിടത്തിലാണ് “ഓഷിയാന’ നിര്‍മിച്ചിരുന്നത്.
മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനമൊട്ടാകെ “ഓഷിയാന’ തരംഗമാകുമെന്നും അപ്പോള്‍ കാസര്‍ഗോഡ് എസ്റ്റേറ്റില്‍ തന്നെ പത്തുകോടി രൂപ ചെലവില്‍ അത്യന്താധുനിക സൗകര്യങ്ങളുള്ള ഫാക്ടറി സ്ഥാപിക്കുമെന്നുമായിരുന്നു ഉദ്ഘാടനവേളയില്‍ അന്നത്തെ കൃഷി മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ പ്രഖ്യാപനം. ആ നഷ്ടംകൂടി സഹിക്കേണ്ടിവന്നില്ലല്ലോ എന്നാണ് ഇപ്പോള്‍ തൊഴിലാളികളുടെ ആശ്വാസം.