ബോബൻ ബി. കിഴക്കേത്തറ
ആലുവ: കോവിഡിന്റെ രണ്ടാംവരവിൽ രാജ്യം മുഴുവൻ ഓക്സിജനു വേണ്ടി പരക്കം പായുമ്പോൾ ആയിരം രൂപയ്ക്ക് ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ഉപകരണവുമായി 62 കാരനായ ചന്ദ്രബോസ് കഴിഞ്ഞ ഒന്നര വർഷമായി അനുമതി കാത്തിരിക്കുകയാണ്.
ഏറ്റവും ചെലവു കുറഞ്ഞതും കൂടെ കൊണ്ടു നടക്കാവുന്നതുമായ “ഈസി ഓക്സിജൻ’ ഉപകരണത്തിന് പേറ്റന്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇൗ റിട്ട. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ.
മൂന്ന് ബോട്ടിലുകളും ഏതാനും കുഴലുകളും മാസ്കും ഉൾപ്പെടുന്ന പെട്ടിയാണ് ചന്ദ്രബോസിന്റെ ഉപകരണം.
വലിയ രണ്ട് ബോട്ടിലുകളിൽ വെള്ളം നിറച്ചു വച്ചിരിക്കും. ചെറിയ ബോട്ടിലിൽ നിറച്ചു വച്ച മിശ്രിതമാണ് ഓക്സിജൻ ഉത്പാദനത്തിന്റെ കാറ്റലിസ്റ്റ്. ഈ രഹസ്യ കൂട്ടിനാണ് ചന്ദ്രബോസിന് പേറ്റന്റ് വേണ്ടത്.
ഡൽഹിയിൽ നിന്ന് വരുത്തിക്കുന്ന വലിയ പ്ലാസ്റ്റിക് കുപ്പികളാണ് ഉപകരണത്തിന് വലിപ്പം നൽകുന്നത്.
ആയിരം രൂപ ചെലവിൽ സംവിധാനം ഉണ്ടാക്കാനാകുമെന്ന് ചന്ദ്രബോസ് പറയുന്നു. ചെറിയ കുപ്പിയിലിടുന്ന മിശ്രിതത്തിന് 50 രൂപയാണ് ചെലവ്. മൂന്ന് മണിക്കൂറോളം ഓക്സിജൻ ഉത്പ്പാദിപ്പിക്കും.
പേറ്റൻറിനായി ചെന്നെയിലേക്ക് അപേക്ഷിച്ചത് കൂടാതെ ലോകാരോഗ്യ സംഘടനയ്ക്കും വിവരങ്ങൾ നൽകിയിട്ടുണ്ട്.
കിടപ്പു രോഗികൾ, ശ്വാസം മുട്ടുള്ളവർ തുടങ്ങിയവർക്കൊക്കെ അനുഗ്രഹമാണ് ഇൗ കണ്ടുപിടുത്തം.
ചുവപ്പുനാടകൾ കടന്ന് അംഗീകാരം തനിക്ക് ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ശ്രീമൂലനഗരം നിവാസിയായ ചന്ദ്രബോസ്.
ജോലിയിൽ നിന്നു വിരമിച്ച ശേഷം ചന്ദ്രബോസ് ഫോട്ടോഗ്രഫിയുള്ള താത്പര്യം കാരണം ആലുവയിൽ പമ്പ് ജംഗ്ഷനിൽ സ്റ്റുഡിയോ തുടങ്ങുകയായിരുന്നു.
പ്രേംനസീറിന്റെ “ചാരം’ അടക്കം ചില സിനിമകൾക്ക് സ്റ്റിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചിട്ടുണ്ട്. കാമറ റിപ്പയറിഗും എഡിറ്റിംഗുമാണ് സ്റ്റുഡിയോയിൽ നടത്തുന്നത്.
ഒന്നാം നിലയിലെ സ്റ്റുഡിയോ ഇപ്പോൾ ചന്ദ്രബോസിന്റെ പരീക്ഷണശാലയാണ്. ഇപ്പോൾ ഹൈഡ്രജൻ കൊണ്ട് ഓടിക്കാവുന്ന വാഹനത്തിന്റെ എൻജിൻ നിർമാണത്തിലാണ്.
ജലമാണ് ഇന്ധനം. ഡ്രൈവറിന്റെ മനോനിലയനുസരിച്ച് വാഹനത്തിന്റെ എഞ്ചിൻ പതിയെ ഓഫാക്കുന്ന സംവിധാനവും പണിപ്പുരയിലാണ്.
കൊച്ചി നിയമസഭാംഗമായിരുന്ന കെ.പി. വള്ളോന്റെ പേരക്കുട്ടിയായ ശ്രീദേവിയാണ് ഭാര്യ. ഏക കുട്ടി ഓപ്പറേഷനിടെ മരണമടഞ്ഞതോടെ ഭാര്യയും സ്റ്റുഡിയോയുമാണ് ചന്ദ്രബോസിന്റെ ലോകം.