ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പണമെടുത്ത് റോഡ് നിര്‍മിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് യൂത്ത് ലീഗ ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. 961 കോടി രൂപ റോഡ് നിര്‍മാണത്തിന് അനുവദിച്ചു കൊണ്ടാണ് ഇപ്പോള്‍ ഉത്തരവിറങ്ങിയിരിക്കുന്നത്.
പിണറായി സര്‍ക്കാരിനെ സംബന്ധിച്ച് ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങളുടെ കണ്ണീരിനേക്കാള്‍ പിണറായി സര്‍ക്കാരിന് പ്രധാനം വരുന്ന പഞ്ചായത്ത് ഇലക്ഷനാണെന്നും അതു മുമ്പില്‍ കണ്ടാണ് ഈ വകമാറ്റല്‍ എന്നും ഫിറോസ് പറയുന്നു.
സര്‍ക്കാര്‍ ഈ ഉത്തരവ് റദ്ദാക്കി ദുരിതാശ്വാസ നിധിയിലെ പണം പ്രളയം ബാധിച്ചവര്‍ക്കും ലോക്ക്ഡൗണില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും നല്‍കാന്‍ തയ്യാറാവണം. ജനങ്ങളെ കബളിപ്പിക്കുന്ന പരിപാടി ഇനിയെങ്കിലും നിര്‍ത്തണമെന്നും ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.
പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
ഓര്‍ക്കുന്നില്ലേ പ്രളയത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് വന്നിരുന്ന വാര്‍ത്തകള്‍? കല്യാണി ആടിനെ വിറ്റ പണവും റാജിഫ് എന്ന വിദ്യാര്‍ത്ഥി സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച പണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുന്ന വാര്‍ത്തകളായിരുന്നു അത്. പണക്കാരനെന്നും പാവപ്പെട്ടവനെന്നും വ്യത്യാസമില്ലാതെ സര്‍വ്വരും തങ്ങളാലാവുന്നത് സംഭാവന ചെയ്തു.
എന്തിനായിരുന്നു ഇതെല്ലാം? എത്രയും പെട്ടെന്ന് പ്രളയം ബാധിച്ച് ബുദ്ധിമുട്ടിലായ സാധാരണക്കാര്‍ക്ക് സഹായം ലഭിക്കുക എന്നത് മാത്രമായിരുന്നു സംഭാവന നല്‍കിയവരുടെ ഉദ്ദേശം.
നിരവധി മനുഷ്യരുടെ ജീവനാണ് പ്രളയത്തില്‍ പൊലിഞ്ഞു പോയത്. ഒട്ടനവധി പേര്‍ക്കാണ് ഉപജീവന മാര്‍ഗ്ഗം ഇല്ലാതായത്. വീടും ഭൂമിയും നഷ്ടപ്പെട്ടവരും കെട്ടിടം തകര്‍ന്നവരും അപകടം പറ്റിയവരുമൊക്കെ അനവധിയാണ്.
അവരെ മനസ്സില്‍ കണ്ടാണ് ജനങ്ങള്‍ സര്‍ക്കാറിന് പണം നല്‍കിയത്. ഒരു രൂപ പോലും വക മാറ്റി ചെലവഴിക്കില്ലെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ച് ആണയിട്ടത്.
എന്നിട്ടെന്തായി?
ദുരിതാശ്വാസ നിധിയില്‍ നിന്നും 961 കോടി രൂപയാണ് റോഡ് നിര്‍മ്മിക്കാനായി അനുവദിച്ചിരിക്കുന്നത്. ഈ ലോക്ക്ഡൗണ്‍ കാലത്താണ് അതിനുള്ള ഉത്തരവിറങ്ങിയിരിക്കുന്നത് (സ.ഉ നം.71/2020 തിയ്യതി 04.05.2020).
റോഡ് നിര്‍മ്മിക്കുന്നതിന് ആരും എതിര് നില്‍ക്കുന്നില്ല. പക്ഷേ റോഡ് നിര്‍മ്മിക്കാന്‍ ഇവിടെ ഒട്ടനവധി ഫണ്ട് വേറെയുണ്ട്. തോമസ് ഐസക്ക് അനങ്ങിയാല്‍ പറയുന്ന കിഫ്ബിയുണ്ട്.
ബഡ്ജറ്റില്‍ PWDക്കായി നീക്കി വെക്കുന്ന ഫണ്ടുകളുണ്ട്. തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടുണ്ട്. അങ്ങിനെ പലതുമുണ്ട്.
എന്നാല്‍ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക്, ലോക്ക് ഡൗണ്‍ കാരണം പ്രതിസന്ധിയിലകപ്പെട്ടവര്‍ക്കുമൊക്കെ നേരിട്ട് സഹായം നല്‍കാന്‍ ദുരിതാശ്വാസ നിധിയില്‍ നിന്നല്ലാതെ വേറെ വഴിയില്ല. അവരെ സഹായിച്ചിട്ടും ബാക്കി വരുന്നുണ്ടെങ്കിലല്ലേ മറ്റു പദ്ധതികള്‍ക്കായി പണമനുവദിക്കേണ്ടത്?
എന്നാല്‍ സാധാരണ മനുഷ്യര്‍ക്ക് സഹായമാകേണ്ട ഫണ്ടെടുത്തിട്ടാണ് ഇവിടെ റോഡ് ഉണ്ടാക്കുന്നത്. ‘പ്രളയത്തില്‍ തകര്‍ന്ന റോഡ്’ എന്ന പേരിലാണ് പണമനുവദിക്കുന്നത്.
എന്നാല്‍ പ്രളയവുമായി യാതൊരു ബന്ധവുമില്ലാത്ത മിക്ക റോഡുകള്‍ക്കുമാണ് ഫണ്ടനുവദിച്ചിട്ടുള്ളത്.
പിണറായി സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങളുടെ കണ്ണീരിനേക്കാള്‍ അടുത്ത പഞ്ചായത്ത് ഇലക്ഷന്‍ മാത്രമാണ് പ്രധാനം.
അത് മുന്നില്‍ കണ്ട് കൊണ്ടാണ് തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ റോഡുകള്‍ക്ക് ഫണ്ട് വകമാറ്റിനല്‍കുന്നത്.
സര്‍ക്കാര്‍ ഈ ഉത്തരവ് റദ്ധാക്കി ദുരിതാശ്വാസ നിധിയിലെ പണം പ്രളയം ബാധിച്ചവര്‍ക്കും ലോക്ക്ഡൗണില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും നല്‍കാന്‍ തയ്യാറാവണം. ജനങ്ങളെ കബളിപ്പിക്കുന്ന പരിപാടി ഇനിയെങ്കിലും നിര്‍ത്തണം.