ന്യൂഡൽഹി: പദ്മനാഭസ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിന്റെ അവകാശം ശരിവച്ച് സുപ്രീംകോടതി. ക്ഷേത്രം സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ തിരുവിതാംകൂർ രാജകുടുംബം നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർണായക വിധി.
പദ്മ നാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിന് പുതിയ സമിതി രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. പുതിയ സമിതി രൂപീകരിക്കുന്നതുവരെ ജില്ലാ ജഡ്ജി അധ്യക്ഷനായ നിലവിലെ താത്കാലിക ഭരണസമിതിക്ക് ക്ഷേത്രത്തിന്റെ ഭരണം തുടരാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
പുതിയ സമിതി രൂപീകരിക്കുന്നതു സംബന്ധിച്ചും സുപ്രീംകോടതി മാർഗനിർദേശം നൽകി. സമിതി രൂപീകരിക്കുന്പോൾ അഹിന്ദുകൾ പാടില്ലെന്നും കോടതി നിർദേശിച്ചു. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഈ സമതിക്ക് സ്വീകരിക്കാമെന്നും കോടതി ഉത്തരവിട്ടു.
ശ്രീപദ്മ നാഭസ്വാമി ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് 2011ൽ കേരള ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ രാജകുടുംബം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ഗുരുവായൂർ മാതൃകയിൽ പത്മനാഭസ്വാമി ക്ഷേത്രത്തിനായി ബോർഡ് രൂപീകരിക്കാൻ തയാറാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ക്ഷേത്ര ഭരണത്തിനായി അഞ്ചംഗ സമിതി രൂപീകരിക്കണമെന്ന അഭിപ്രായം രാജകുടുംബം മുന്നോട്ടുവച്ചത്.
സമിതിയുടെ അധ്യക്ഷനെ തീരുമാനിക്കാനുള്ള അവകാശം കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിനായിരിക്കണമെന്നും രാജാകുടുംബം നിർദേശിച്ചിരുന്നു.