സി. ഹരിദാസ്
അന്പലപ്പുഴ: സ്കൂൾ – കോളജ് കായിക മേളകൾ നടക്കുന്ന ഗ്രൗണ്ടിന്റെ ഒരു മൂലയ്ക്കു ചാക്കോയെ കാണാം. പക്ഷേ ട്രാക്കിലെ മിന്നും താരമായിരുന്നു ചാക്കോയെന്ന് ആരും ഇന്നു തിരിച്ചറിയുന്നില്ല. ഒരു കാലത്ത് കായിക മേളയിലെ താരമായിരുന്ന ചാക്കോയെ ജീവിത പ്രാരാബ്ധങ്ങളാണു പെയിന്ററാക്കിയത്.
ജില്ലാ, സംസ്ഥാന കായികമേളയിൽ ട്രാക്കിലെ പടക്കുതിരയായിരുന്ന ചാക്കോ ഇപ്പോൾ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടിലാണ്.അന്‍പത്തിമൂന്നുകാരനാണ് പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡ് കർത്താമഠം നാൽപ്പതിൽചിറ വീട്ടിൽ പി സി ചാക്കോ.1982 മുതൽ 86 വരെ മാരത്തോണ്‍ ചാന്പ്യനായിരുന്നു.
1982 മുതൽ 86 വരെയുള്ള തുടർച്ചയായ നാലു വർഷം 5000, 1500 , 800 മീറ്ററുകളിൽ ചാന്പ്യനായി. രാജസ്ഥാനിൽ നടന്ന അമച്വർ നാഷണൽ ചാന്പ്യൻഷിപ്പിലും ഡൽഹി, തിരുവനന്തപുരം എന്നിവടങ്ങളിൽ നടന്ന സ്കൂൾ കായിക മേളയിലും ഒന്നാമതെത്തിയിരുന്നു.
പുന്നപ്ര അറവുകാട് ഹൈസ്കൂളിലെ വിദ്യാർഥിയായിരിക്കുന്പോഴാണ് കായിക മേളയിലെ കുതിപ്പായി ചാക്കോ മാറിയത്. എന്നാൽ നിർഭാഗ്യം തന്റെ കൂടെപ്പിറപ്പായിരുന്നെന്ന് ഈ കായിക താരം നിരാശയോടെ പറയുന്നു. തമിഴ്നാട് ട്രാൻസ്പോട്ടിൽ ജോലി ചെയ്തിരുന്ന ചാക്കോ,
ഒരു ക്രിസ്മസ് അവധിക്കു നാട്ടിൽ വന്നപ്പോൾ സൈക്കിളിൽ നിന്ന് വീണു കാലൊടിഞ്ഞതിനെതുടർന്ന് മാസങ്ങളോളം കിടപ്പിലായി. ഇതോടെ ജോലിയും നഷ്ടമായി. പിന്നീട് കുടുബ പ്രാരാബ്ധം മൂലം കൂലിപ്പണിക്കിറങ്ങുകയായിരുന്നു. ചുമടെടുത്തും കറ്റ ചുമന്നും വള്ളമൂന്നിയും പല ജോലികൾ ചെയ്തു. ഇപ്പോൾ പെയിന്റിംഗാണ് പ്രധാനമായും ചെയ്യുന്നത്.