കറാച്ചി: പാക്കിസ്ഥാന് ഇലക്ഷന് കമ്മീഷന് ഓഫീസ് പരിസരത്ത് സ്ഫോടനം. കറാച്ചിയിലെ ഓഫീസിനു സമീപത്താണ് ബോംബ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
ഇലക്ഷന് കമ്മീഷന് ഓഫീസിന്റെ മതിലിനോടുചേര്‍ന്ന് ഉപേക്ഷിച്ചുപോയ ബാഗില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കളാണു പൊട്ടിത്തെറിച്ചത്. ദേശീയ അസംബ്ലി തെരഞ്ഞെടുപ്പു ഫെബ്രുവരി എട്ടിന് നടക്കാനിരിക്കെയാണു സ്ഫോടനം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വർധിച്ചുവരുന്ന അക്രമങ്ങളും സുരക്ഷാവെല്ലുവിളികളും ചർച്ച ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യാഴാഴ്ച യോഗം വിളിച്ചിരുന്നു.
സുരക്ഷാവെല്ലുവിളികൾക്കിടയിലും പൊതുതെരഞ്ഞെടുപ്പു കൃത്യമായി നടത്താൻ കമ്മീഷൻ പൂർണ സജ്ജമാണെന്നു യോഗത്തിനുശേഷം പാക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞിരുന്നു.
400 ഗ്രാം വരുന്ന സ്ഫോടക വസ്തു ഉപയോഗിച്ച് നിര്‍മിച്ച നാടന്‍ ബോംബാണ് പൊട്ടിത്തെറിച്ചത്. സംഭവത്തെത്തുടർന്ന് ഇലക്ഷൻ കമ്മീഷൻ ഓഫീസുകൾക്കു സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.