ജമ്മു: അതിസങ്കീർണമായ റൈഫിളും ഏഴു ഗ്രനേഡുകളും ഘടിപ്പിച്ച പാക്കിസ്ഥാൻ ഡ്രോൺ ജമ്മുകാഷ്മീരിൽ അതിർത്തിരക്ഷാസേന വെടിവച്ചുവീഴ്ത്തി. കഠുവ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിയിലാണ് ഡ്രോൺ പ്രത്യക്ഷപ്പെട്ടത്. ഇതാദ്യമായാണ് സ്ഫോടകവസ്തുക്കളും ആയുധവും ഘടിപ്പിച്ച ഹെക്സാകോപ്റ്റർ സുരക്ഷാസേന വെടിവച്ചുവീഴ്ത്തുന്നത്.
17.5 കിലോ ഭാരമുള്ള ഹെക്സാകോപ്റ്ററിന് അഞ്ചര കിലോയോളം ഭാരം വഹിക്കാൻ ശേഷിയുണ്ട്. യുഎസ് നിർമിത എം-4 സെമി ഓട്ടോമാറ്റിക് തോക്കും ഏഴ് ചൈനീസ് നിർമിത ഗ്രനേഡുമാണ് ഇതിൽനിന്നു കണ്ടെത്തിയത്.
നാല് ബാറ്ററികളും ഒരു റേഡിയോ സിഗ്നൽ റിസീവറും രണ്ട് ജിപിഎസ് സംവിധാനങ്ങളും ഇതോടൊപ്പം ഉണ്ടായിരുന്നു. ഇന്നലെ പുലർച്ചെ അഞ്ചരയോടെ കഠുവയിലെ റാത്വയിൽ ആണ് ഡ്രോൺ പ്രത്യക്ഷപ്പെട്ടത്.
ഒരുവർഷമായി ഇത്തരത്തിൽ നിരവധി തവണ അതിർത്തിക്കപ്പുറത്തുനിന്നും ആയുധങ്ങൾ എത്തിക്കാൻ ശ്രമം നടന്നിരുന്നു. ഇതുസംബന്ധിച്ച രഹസ്യാന്വേഷണവിഭാഗം സേനയ്ക്കു മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
ഡ്രോൺ സ്വീകരിക്കാൻ ഇന്ത്യൻ ഭാഗത്ത് തയാറായിരുന്ന ആളെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഭീകരരുടെ കൈവശം ആയുധം എത്തിയാൽ ഉടൻ അവർക്ക് ആക്രമണത്തിനു കഴിയുമായിരുന്നു എന്നും സൈനികകേന്ദ്രങ്ങൾ പറഞ്ഞു.