കോഴിക്കോട്: സ്വന്തം ഭരണഘടന സംരക്ഷിക്കാൻ കഴിയാത്ത രീതിയിൽ മുസ്ലിം ലീഗ് മാറിപ്പോയോ എന്ന് വയനാട്ടിൽ ലീഗ് പ്രവർത്തകർ ചോദിക്കുന്നു എന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. വടകരയിൽ യുഡിഎഫിന് മുസ്ലിം ലീഗിന്റെ കൊടി , വോട്ടും വേണം. കോഴിക്കോടും ലീഗിന്റെ കൊടിയും വേണം വോട്ടും വേണം. എന്നാൽ വയനാട്ടിൽ മാത്രം വോട്ട് മതി.
ലീഗിന്റെ കൊടി വേണ്ട എന്നാണ് കോൺഗ്രസിന്റെ നിലപാട് എന്ന് അദ്ദേഹം വിമർശിച്ചു. ഏതൊരു രാഷ്ട്രീയ പാർട്ടിക്കും കൊടി പിടിക്കാനുള്ള അധികാരവും അവകാശവുമുണ്ട്. എന്നാൽ അവർ വിശ്വസിക്കുന്ന മുന്നണിയുടെ സ്ഥാനാർഥിക്ക് നോമിനേഷൻ കൊടുക്കാൻ വരുന്പോൾ ആ കൊടി കീശയിൽ നിന്ന് പുറത്തെടുക്കാൻ സാധിക്കാതെ വരുന്നു.
അതിന് അവർ പറയുന്ന കാരണം ഞങ്ങളുടെ സ്ഥാനാർഥി കൊടിയിൽ അല്ല ജനങ്ങളുടെ മനസിൽ ആണ് എന്നാണ്. അങ്ങനെയാണെങ്കിൽ മറ്റ് 19 മണ്ഡലങ്ങളിലും കൊടിയിൽ മാത്രമാണോ യുഡിഎഫിന്റെ സ്ഥാനാർഥി എന്ന് റിയാസ് പരിഹസിച്ചു.
വിദ്വേഷ പ്രചരണത്തിൽ കീഴ്പ്പെട്ട്, മതനിരപേക്ഷ നിലപാടിൽ വെള്ളം ചേർത്ത്, ചില പതാകകൾക്ക് അയിത്തം കൽപ്പിക്കുന്ന സമീപനങ്ങളെ തുറന്നു കാണിയ്ക്കുവാനും ജനാധിപത്യം എല്ലാവർക്കും അവകാശം നൽകുന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.