പാരീസ്: പാരീസ് ഒളിന്പിക്സ് നാളെ തുടങ്ങാനിരിക്കെ വനിതാഫുട്ബോളിൽ ഡ്രോൺ വിവാദം. ന്യൂസിലൻഡ് വനിതാ ഫുട്ബോൾ ടീം പരിശീലിക്കുന്ന ഗ്രൗണ്ടിനു മുകളിലൂടെ കനേഡിയൻ ഫുട്ബോള്‍ ടീം സ്റ്റാഫ് ഡ്രോൺ പറത്തിയതാണു വിവാദമായത്. സംഭവത്തിൽ കാനേഡിയൻ ഒളിന്പിക്സ് കമ്മിറ്റി ന്യൂസിലൻഡിനോട് മാപ്പ് പറഞ്ഞു.
തിങ്കളാഴ്ച ന്യൂസീലൻഡ് വനിതാ ഫുട്ബോൾ ടീം സെന്റ് എറ്റിയന്ന ഗ്രൗണ്ടിൽ പരിശീലനം നടത്തുമ്പോഴാണ് ഗ്രൗണ്ടിന് മുകളിലൂടെ ഡ്രോൺ പറത്തിയത്. ആദ്യം അമ്പരന്ന ടീം അംഗങ്ങള്‍ ഒളിഞ്ഞുനോട്ടമാണെന്നു തിരിച്ചറിഞ്ഞതോടെ ഫ്രഞ്ച് പോലീസിൽ പരാതി നൽകകുകയായിരുന്നു. കളിയടവുകളും പരിശീലന രീതിയും മനസിലാക്കാനാണ് ഡ്രോൺ പറത്തിയതെന്ന സംശയമുന്നയിച്ചു.
പോലീസ് അന്വേഷണത്തില്‍ ഡ്രോൺ പറത്തിയത് കനേഡിയൻ ഫുട്ബോൾ ടീം സപ്പോര്‍ട്ട് സ്റ്റാഫ് ആണെന്ന് കണ്ടെത്തി. പിന്നാലെ കനേഡിയന്‍ സംഘത്തിലെ രണ്ട് നോണ്‍ അക്രെഡിറ്റഡ് അംഗങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രോണ്‍ പറത്തിയെന്ന് കരുതുന്ന രണ്ട് സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളെ അടിയന്തരമായി നാട്ടിലേക്ക് തിരിച്ചയയ്ക്കാൻ കാനഡ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.