പാരീസ്: മുപ്പത്തിമൂന്നാം ഒളിന്പിക്സിനു പാരീസിൽ കൊടിയുയരാൻ ഇനി ഒരുദിനം മാത്രം ബാക്കി. ഇന്ത്യൻസമയം നാളെ രാത്രി 11നാണ് ഉദ്ഘാടനച്ചടങ്ങുകൾ തുടങ്ങുക. മൂന്നുമണിക്കൂറോളം നീണ്ടുനിൽക്കുന്ന ചടങ്ങിൽ ഫ്രാൻസ് അദ്ഭുതങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്.
സുരക്ഷാഭീഷണിയുള്ളതിനാൽ പലതും രഹസ്യമാക്കിവച്ചിരിക്കുന്നു. ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്സ് സ്റ്റേഡിയത്തിനു പുറത്തായിരിക്കും ഉദ്ഘാടനച്ചടങ്ങ് എന്ന പ്രത്യേകതയുമുണ്ട്. സെയ്ൻ നദിയിലൂടെ നൂറു ബോട്ടുകളിലായി 10,500 താരങ്ങൾ പരേഡായി എത്തും.
ഫ്രഞ്ച് നടനും സംവിധായകനുമായ തോമസ് ജോളിയാണ് പാരീസ് ഒളിമ്പിക്സിന്റെ ആർട്ട് ഡയറക്ടർ. ഫ്രഞ്ച് സംസ്കാരം ഒരു കണ്ണാടിയിലെന്നപോലെ സെയ്ൻനദിയിൽ തെളിയും. നാലായിരം നർത്തകരും മൂവായിരം കലാകാരന്മാരും പങ്കെടുക്കും. ലോകമെങ്ങുമുള്ള 150 കോടി ജനങ്ങൾ ഉദ്ഘാടനച്ചടങ്ങ് ടെലിവിഷനിലൂടെ കാണുമെന്നാണ് പ്രതീക്ഷ.
ഇന്നലെ മുതൽ മത്സരങ്ങൾ ആരംഭിച്ചിരുന്നു. ഇന്ത്യയുടെ താരങ്ങൾ ഇന്ന് അമ്പെയ്ത്ത് മത്സരത്തിനിറങ്ങും. പുരുഷ, വനിതാ വ്യക്തിഗത റാങ്കിംഗ് റൗണ്ട് മത്സരങ്ങളാണ് ആദ്യദിനം നടക്കുന്നത്.
53 രാജ്യങ്ങളിൽനിന്നായി 128 താരങ്ങൾ യോഗ്യതാ റൗണ്ടിൽ മത്സരിക്കും. നാലാം ഒളിമ്പിക്സിനിറങ്ങുന്ന പരിചയസമ്പന്നരായ തരുൺദീപ് റായും ദീപികാ കുമാരിയും നയിക്കുന്ന ഇന്ത്യൻ സംഘത്തിന് യോഗ്യതാ റൗണ്ട് നിർണായകമാണ്.