കൊച്ചി: മോട്ടോര്‍ വാഹനവകുപ്പിന്റെ “പരിവാഹന്‍’ സംവിധാനത്തിന്റെ മറവില്‍ നടക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പിനെതിരേ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി പോലീസ്. വാഹന ഉടമകളെയും ഡ്രൈവര്‍മാരെയും ലക്ഷ്യമിട്ട് നടക്കുന്ന ഈ തട്ടിപ്പുകളെക്കുറിച്ചുള്ള പരാതികള്‍ ഉയര്‍ന്നതോടെയാണ് പോലീസ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
സന്ദേശം എത്തുന്നത് വാട്സാപ്പില്‍
നിങ്ങളുടെ വാഹനം ഉള്‍പ്പെട്ട ഗതാഗത നിയമ ലംഘനത്തെക്കുറിച്ച് വാട്ട്സാപ്പില്‍ ലഭിക്കുന്ന സന്ദേശത്തോടെയാണ് തട്ടിപ്പിന്റെ തുടക്കം. ഈ സന്ദേശത്തില്‍ ഒരു APK ഫയല്‍ ഉണ്ടായിരിക്കും.
ഈ APK ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ തട്ടിപ്പുകാര്‍ സന്ദേശത്തിലൂടെ ആവശ്യപ്പെടും. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ എസ്എംഎസ് അനുമതികള്‍ നല്‍കാനും അവര്‍ നിങ്ങളോട് ആവശ്യപ്പെടും.
ഈ അനുമതി നല്‍കുന്നതോടെ ഒടിപി സ്വയം ആക്സസ് ചെയ്യാനും അവ ഉപയോഗിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാനും തട്ടിപ്പുകാര്‍ക്ക് കഴിയും.
അതിനാല്‍ ഇത്തരം സന്ദേശങ്ങള്‍ അവഗണിക്കണമെന്നാണ് പോലീസ് മുന്നറിയിപ്പ്. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ പോലീസിനെ ബന്ധപ്പെടണം.