തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തു രണ്ടു സീറ്റുകൾ ലഭിക്കുമെന്നു ബിജെപി. തിരുവനന്തപുരത്തും തൃശൂരും വിജയിക്കുമെന്നാണ് ഇന്നലെ ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിന്റെ വിലയിരുത്തൽ. പാർട്ടിക്കു 20 ശതമാനത്തിലേറെ വോട്ടും ലഭിക്കും. ആലപ്പുഴയിലും ആറ്റിങ്ങലിലും പത്തനംതിട്ടയിലും മികച്ച പ്രവർത്തനമാണു നടന്നത്.
ഈ മണ്ഡലങ്ങളിൽ വിജയിക്കുമെന്ന വിലയിരുത്തലില്ലെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ട് ലഭിക്കുമെന്നാണു കണക്കുകൂട്ടൽ. മലബാർ മേഖലയിൽ മുസ്ലിം വോട്ടുകളിൽ കേന്ദ്രീകരണം ഉണ്ടായതായും സംസ്ഥാന നേതൃയോഗം വിലയിരുത്തി.
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ 12,000 വോട്ടിനു ജയിക്കുമെന്നാണ് ബൂത്തുതലം മുതലുള്ള കണക്കുകൾ പരിശോധിക്കുന്പോൾ ബിജെപി നേതൃത്വത്തിനു ലഭ്യമാകുന്നത്. സ്ഥാനാർഥി 3.60 ലക്ഷം വോട്ട് പിടിക്കുമെന്നാണു വിലയിരുത്തൽ.
നേമത്ത് ഇരുപതിനായിരത്തിനും വട്ടിയൂർകാവിൽ 15,000ത്തിനും മുകളിൽ ലീഡാണു പ്രതീക്ഷ. കഴക്കൂട്ടത്തും തിരുവനന്തപുരം സെൻട്രലിലും ലീഡ് ചെയ്യും. ഡോ.ശശിതരൂർ രണ്ടാമത് എത്തുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ.
നാലു ലക്ഷം വോട്ട് നേടി തൃശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.എന്നാൽ സംസ്ഥാനത്തു ബിജെപി അഞ്ച് സീറ്റുകളിൽ വിജയിക്കുമെന്നാണു യോഗത്തിനു ശേഷം കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കർ .