തിരുവനന്തപുരം: തെരഞ്ഞെടുപ്പു പരസ്യ പ്രചാരണം സംസ്ഥാനത്തു സമാപിക്കാന്‍ ഇനി നാലു ദിനം മാത്രം ശേഷിക്കേ വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട തന്ത്രങ്ങളിലേക്കു കടന്നിരിക്കുകയാണ് മൂന്നു മുന്നണികളും. അടിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയാണ് വോട്ട് ഉറപ്പിക്കാനുള്ള പോര്‍ക്കളത്തില്‍ ഇടതു- വലതു മുന്നണികളും ദേശീയ ജനാധിപത്യ സഖ്യവും പോരാടുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയ ദേശീയ നേതാക്കള്‍ പോലും കേരളത്തിലെ നേതാക്കള്‍ക്കെതിരേ എതിരേ എയ്യുന്ന അമ്പുകളും ഒളിയമ്പുകളും പോര്‍ക്കളം നിറയ്ക്കുന്നു.ആരോപണ- പ്രത്യാരോപണങ്ങളില്‍ അഴിമതിയും ധൂര്‍ത്തും വികസന മുരടിപ്പും ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയതയുമൊക്കെ കളം നിറയുമ്പോൾ തേരു തെളിക്കാന്‍ മുന്നണിപ്പോരാളികളായി നേതാക്കളുണ്ട്.
ഇടതു മുന്നണിക്കു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനുമൊക്കെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ മുന്‍ നിരയില്‍ നില്ക്കുമ്പോൾ യുഡിഎഫില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസനും രമേശ് ചെന്നിത്തലയുമൊക്കെ കളം നിറഞ്ഞു നില്‍ക്കുകയാണ്.
കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടിലെ സ്ഥാനാര്‍ഥിയെങ്കിലും സംസ്ഥാനത്തു പ്രചാരണ രംഗത്തും സജീവമായി. ഇന്ന് പ്രിയങ്കാഗാന്ധിയും കൂടി പ്രചാരണ രംഗത്ത് എത്തുന്നതോടെ കൊഴുക്കും. നേരത്തെ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും റോഡ് ഷോകളില്‍ അടക്കം പങ്കെടുത്തിരുന്നു.
ബിജെപിക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു താര പ്രചാരകൻ. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി മോദി ആറു തവണ കേരളത്തിലെത്തിയിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയും ഇന്നലെ മുതല്‍ സംസ്ഥാനത്തു പ്രചാരണ രംഗത്തു സജീവമാണ്.
അജന്‍ഡ നിശ്ചയിച്ച് യുഡിഎഫ്
മുന്‍കാലങ്ങളില്‍ ഇടതു മുന്നണിയും ബിജെപിയും തെരഞ്ഞെടുപ്പു രംഗത്ത് അജന്‍ഡ നിശ്ചയിക്കുകയും കോണ്‍ഗ്രസും യുഡിഎഫും പിന്നാലെ പോകുകയുമായിരുന്നു പതിവ്. എന്നാൽ ഇത്തവണ യുഡിഎഫ് ആദ്യമേ കടന്നു കയറി കളി തുടങ്ങി. യുഡിഎഫ് തുടങ്ങിവയ്ക്കുന്ന അജന്‍ഡയ്ക്കു പിന്നാലെ ഇടതു മുന്നണി രംഗത്തു വരേണ്ട സാഹചര്യമുണ്ടായി.
മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിച്ച് രാഹുല്‍ ഗാന്ധിയും വി.ഡി. സതീശനും രംഗം കൊഴുപ്പിക്കുമ്പോൾ മറുപടിയുമായി പിന്നാലെയെത്തി വിവാദങ്ങളില്‍ പെടുന്ന സാഹചര്യത്തിലായി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി കേസിലും ക്ഷേമപെന്ഷന് മുടക്കുന്ന സര്‍ക്കാര്‍ നടപടിയിലും പാനൂര്‍ ബോംബ് സ്ഫോടനത്തിലുമെല്ലാം സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും പ്രതിരോധത്തിലാക്കുന്ന നിലപാടുകളിലേക്കു യുഡിഎഫും കോണ്‍ഗ്രസും മാറി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുന്നില്‍ നയിക്കുന്ന ആദ്യ പൊതു തെരഞ്ഞെടുപ്പു കൂടിയാണ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ്. മുന്‍പ് തൃക്കാക്കര, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുകളില്‍ വി.ഡി. സതീശനും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും കൂടിയായിരുന്നു വിജയശില്പികളായത്.
കെ. സുധകരന് കണ്ണൂരില്‍ മത്സര രംഗത്ത് എത്തിയതോടെ എല്ലാ ചുമതലകളും സതീശന്റെ ചുമതലില്‍ എത്തി. എന്നാൽ യുഡിഎഫിലെ എല്ലാ നേതാക്കളുമായി കൂടിയാലോചിച്ചാണ് എല്ലാകാര്യങ്ങളിലും പ്രതിസന്ധികളിലും തീരുമാനമെടുക്കുന്നതെന്നാണ് സതീശന് പറയുന്നത്. രമേശ് ചെന്നിത്തല, എം.എം. ഹസൻ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ് തുടങ്ങിയ മുന്‍നിര നേതാക്കളുമായി ചര്‍ച്ച നടത്തിയാണ് എല്ലാ തീരുമാനങ്ങളും പ്രതിപക്ഷ നേതാവ് സ്വീകരിക്കാറുള്ളത്. ഇത്തവണ 20 സീറ്റും യുഡിഎഫ് നിലനിര്‍ത്തുമെന്നാണ് യുഡിഎഫ് നേതാക്കളുടെ പ്രതീക്ഷ. അടുത്തിടെ വന്ന പ്രീ പോള്‍ സര്‍വേകളും യുഡിഎഫിന് ആത്മവിശ്വാസം കൂട്ടുന്നു.
രഥം തെളിച്ചു പിണറായി വിജയന്
ഇടതു മുന്നണിയുടെ താര പ്രചാരകന് മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ്. നിയമസഭാ നിയോജക മണ്ഡലം കേന്ദ്രീകരിച്ചാണ് മുഖ്യമന്ത്രിയുടെ പ്രചാരണം. ഒരു ദിവസം മൂന്നു നിയോജക മണ്ഡലങ്ങളിലെ യോഗങ്ങളില്‍ മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എത്തും. ഭരണവിരുദ്ധ വികാരം ഇടതുമുന്നണിയെ വല്ലാതെ ഉലയ്ക്കുമ്പോഴും കുലുക്കമില്ലാതെ പ്രചാരണ രംഗത്ത് പിണറായി വിജയന് തലപ്പൊക്കത്തോടെ നില്ക്കുന്നു. പൗരത്വ വിഷയമായിരുന്നു പ്രധാന പ്രചാരണ വിഷയം.
ഇപ്പോള്‍ രാജ്യം പ്രതീക്ഷിക്കുന്നത് ഇടതുപക്ഷത്തെയെന്ന പ്രചാരണവും. എന്നാൽ മന്ത്രിമാര്‍ സംസ്ഥാനമൊട്ടാകെ പ്രചാരണത്തിന് എത്തുന്നില്ല. ചില മണ്ഡലങ്ങളും ജില്ലകളും കേന്ദ്രീകരിച്ചു മാത്രമാണ് മന്ത്രിമാരുടെ പ്രചാരണം. ബിജെപി- സിപിഎം അന്തര്‍ധാര സജീവ പ്രചാരണ വിഷയമാക്കുന്നതില്‍ യുഡിഎഫ് വിജയിച്ചെങ്കിലും മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരേയുള്ള മാസപ്പടി കേസ് ഇഡി കടുപ്പിച്ചതോടെ ബിജെപിയെ എതിര്‍ക്കുന്ന നിലപാടു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സിപിഎമ്മിനും എല്‍ഡിഎഫിനും ഒരു പരിധി വരെയായി.
ഡല്‍ഹി മുഖ്യമന്ത്രി അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത ബിജെപി സര്‍ക്കാര്‍ നിലപാട് കേരളത്തില്‍ ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് പറയുന്നത്. കേരളത്തില്‍ പരമാവധി സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറയുന്നു.
രണ്ടു സീറ്റില്‍ കണ്ണുവച്ചു ബിജെപി
രണ്ടു സീറ്റെങ്കിലും നേടുക എന്നതാണ് ബിജെപിയുടെ കേരളത്തിലെ ലക്ഷ്യം. നടന് സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കടുത്ത പോരാട്ടം നടത്തുന്ന തിരുവനന്തപുരവും. ഇവിടെ ഏതു വിധവും ജയിക്കുന്നതിനുള്ള പ്രചാരണ തന്ത്രമാണ് എന്‍ഡിഎ ഒരുക്കുന്നത്. മറ്റു മുന്നണികളെ അപേക്ഷിച്ചു വലിയ സാമ്പത്തികം ചെലവഴിച്ചുള്ള പ്രചാരണ കോലാഹലമൊരുക്കാന് ഇവര്‍ക്കാകുന്നുണ്ട്. പ്രത്യേകിച്ച് കോണ്‍ഗ്രസ് സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടു നില്ക്കുന്ന സമയത്ത്.
കെ. ഇന്ദ്രജിത്ത്