കോവിഡിനെതിരേ കനത്തപോരാട്ടത്തിലാണ് രാജ്യം. ലോക്ക്ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.
എന്നിരുന്നാലും മാനദണ്ഡങ്ങള്‍ പാലിക്കാത്ത നിരവധി പേരുടെ വാര്‍ത്തകളാണ് അനുദിനം പുറത്തുവരുന്നത്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ മുംബൈയില്‍ നിന്നും വരുന്നത്.
മുംബൈയിലെ അന്ധേരിയിലായിരുന്നു സംഭവം. മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ട കണ്ടക്ടറെ യാത്രക്കാരന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ബസില്‍ കയറുമ്പോള്‍ യാത്രക്കാരന് മാസ്ക് ധരിച്ചിരുന്നില്ല.
ഇത് കണ്ട് മാസ്ക് ധരിക്കാന്‍ കണ്ടക്ടര്‍ ഇയാളോട് ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് കോവിഡ് ഇല്ലെന്നായിരുന്നു ഇയാളുടെ വിശദീകരണം. വീണ്ടും മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു.
മര്‍ദ്ദനത്തില്‍ കണ്ടക്ടര്‍ക്ക് സാരമായി പരിക്കേറ്റു. ഭയന്ദറില്‍ നിന്ന് അന്ധേരിയിലെ മരോലിലേക്കുള്ള ബസിലെ കണ്ടക്ടര്‍ സൈനാഥ് ഖര്‍പഡെയ്ക്കാണ് മര്‍ദ്ദനമേറ്റത്.
ആക്രമണത്തിന് പിന്നാലെ യാത്രക്കാരന് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് കണ്ടക്ടര്‍ നല്കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.