ന്യൂഡൽഹി: ഒരു വിമാന ടിക്കറ്റിനായി ആയിരക്കണക്കിന് രൂപ നൽകിയ ശേഷം പുഴുക്കൾ നിറഞ്ഞ ഭക്ഷണം കഴിക്കേണ്ടി വരുന്ന അവസ്ഥ ഒന്ന് സങ്കൽപ്പിച്ച് നോക്കൂ. അടുത്തിടെ ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് സംഭവം. പ്രൊഫഷണൽ ഡയറ്റീഷ്യനായ ഖുശ്ബു ഗുപ്ത തനിക്ക് വിളമ്പിയ സാൻഡ്വിച്ചിന്റെ അവസ്ഥ കാണിക്കുന്ന ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു.
ഇൻഡിഗോ നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ ഖുശ്ബു വിമർശിക്കുന്നത് വീഡിയോയിൽ കേൾക്കാം. തന്റെ സാൻഡ്വിച്ചിൽ പുഴുവിനെ കണ്ടപ്പോൾ ജീവനക്കാരെ വിവരമറിയിച്ചതായും അവർ പറഞ്ഞു. എന്നാൽ അതിനുശേഷവും മലിനമായ അതേ സാൻഡ്വിച്ചുകൾ മറ്റ് യാത്രക്കാർക്കും വിതരണം ചെയ്തു.
സംഭവത്തിന് മറുപടിയായി ഇൻഡിഗോ ഒരു ഔദ്യോഗിക പ്രസ്താവനയും ഇറക്കി. യാത്രക്കാരനോട് ക്ഷമാപണം നടത്തുകയും വിഷയം നിലവിൽ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊതുജനങ്ങൾക്ക് ഉറപ്പുനൽകുകയും ചെയ്തു.
എന്നാൽ തനിക്ക് നഷ്ടപരിഹാരമോ റീഫണ്ടോ ആവശ്യമില്ലെന്നും യാത്രക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകുമെന്ന ഉറപ്പാണ് വേണ്ടതെന്നും ഖുശ്ബു ഗുപ്ത വീഡിയോ പങ്കിട്ട് ഇൻസ്റ്റഗ്രാം പേജിലെ കുറിപ്പിൽ പറഞ്ഞു.
വിഷയം നിലവിൽ സമഗ്രമായ പരിശോധനയിലാണെന്നും ഉചിതമായ തിരുത്തൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുമെന്നും, യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുമെന്നും പറഞ്ഞ് ഇൻഡിഗോ രംഗത്തെത്തിയിരുന്നു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക