പേരൂർക്കട: തിരുവനന്തപുരത്തുനിന്ന് കാസർഗോഡേക്ക് പോയ വന്ദേഭാരത് ട്രെയിനിലെ ടോയ്ലറ്റിൽ യാത്രക്കാരി കുടുങ്ങി. തിരുവനന്തപുരം ശ്രീവരാഹം സ്വദേശിനിയായ മധ്യവയസ്കയാണ് ടോയ്ലറ്റിനുള്ളിൽ കുടുങ്ങിയത്.
ഇന്നലെ രാവിലെ 6.30നോടടുത്താണ് സംഭവം. തിരുവനന്തപുരത്തുനിന്ന് തിരിച്ച ട്രെയിനിലെ സി 9 കമ്പാർട്ട്മെന്റിലെ യാത്രക്കാരിയായിരുന്നു ഇവർ.
ട്രെയിൻ ശാസ്താംകോട്ടയിൽ എത്തിയപ്പോഴാണ് ടോയ്ലറ്റിനുള്ളിൽ ബഹളം കേട്ടത്. ഉള്ളിൽ കുടുങ്ങിപ്പോയ ഇവരെ പുറത്തേക്ക് എത്തിക്കാൻ സഹയാത്രികർ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.
10 മിനിറ്റോളം ഇവർ ടോയ്ലറ്റിനുള്ളിൽ കുടുങ്ങിക്കിടന്നു. ചിലർ റെയിൽവേ ജീവനക്കാരെ വിളിക്കാൻ ശ്രമിച്ചുവെങ്കിലും അതിനിടയ്ക്കുതന്നെ എങ്ങനെയോ പണിപ്പെട്ട് ടോയ്ലറ്റിനുള്ളിൽ നിന്ന് ഇവർ പുറത്തേക്ക് വരികയായിരുന്നു.
ടോയ്ലറ്റ് തുറക്കുന്നതിനുള്ള സാങ്കേതിക പരിജ്ഞാനം ഇല്ലാതിരുന്നതാണ് യാത്രക്കാരി ടോയ്ലറ്റിനുള്ളിൽ കുടുങ്ങാൻ കാരണമായത്. വന്ദേ ഭാരതിലെ പല ആധുനിക സംവിധാനങ്ങളും യാത്രക്കാർക്ക് പരിചിതമായിട്ടില്ല.