സ്വന്തം ലേഖകൻ
തലശേരി: തലശേരിയിൽ നിന്നും പഴനിയിലെത്തിയ തമിഴ്നാട് സ്വദേശിനിയായ യുവതിയെറോഡരികിൽ നിന്നും ലോഡ്ജിലേക്ക് തട്ടിക്കൊണ്ടുപോയി മൂന്നംഗസംഘം പീഡിപ്പിച്ച കേസിൽ പരാതിക്കാർ പ്രതി സ്ഥാനത്തേക്ക്.
രണ്ട് സംസ്ഥാനങ്ങളിലെ ഡിജിപിമാരെ മുൾമുനയിൽ നിർത്തിയ പീഡനക്കേസിന്റെ അന്വേഷണം ഇനി പഴനി പോലീസിൽ മാത്രം. തലശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണ റിപ്പോർട്ട് എഫ്ഐആർ ഉൾപ്പെടെ കേരള ഡിജിപി വഴി തമിഴ്നാട് പോലീസിന് കൈമാറി.
ബ്ലാക്ക് മെയിൽ നടത്തി പണം തട്ടിയെടുക്കാൻ നടത്തിയ ശ്രമമാണ് സംഭവത്തിനു പിന്നിലെന്ന നിഗമനത്തിലാണ് തമിഴ്നാട് പോലീസ്. ലോഡ്ജുടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതിനും മദ്യപിച്ച് ലോഡ്ജിൽ ബഹളം വച്ചതിനും ഇവർക്കെതിരെ പഴനി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പഴനി അടിവാരത്തെ ലോഡ്ജുടമയുടെ പരാതി പ്രകാരമാണ് തലശേരിയിൽ താമസക്കാരായ തമിഴ് ദമ്പതികൾക്കെതിരെ പഴനി പോലീസ് കേസെടുത്തിട്ടുള്ളത്.
“പീഡനക്കേസ് വരുന്നുണ്ടെന്നും പണം കൊടുത്ത് പ്രശ്നം പരിഹരിക്കണമെന്നും ‘ ആവശ്യപ്പെട്ട് പഴനിയിലെ ലോഡ്ജ് ഉടമക്ക് മാഹിയിൽ നിന്ന് ഫോൺ കോൾ ചെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. ഈ ഫോൺ കോളിന് പിന്നിലെ ആളെ കണ്ടെത്താൻ പഴനി പോലീസ് നീക്കം ആരംഭിച്ചു.
പരാതിക്കാരുടെ കോൾ റെക്കോർഡ്സും തമിഴ്നാട് പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽ നിന്നും ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുള്ളതായും പഴനി പോലീസ് വ്യക്തമാക്കി. രണ്ട് ദിവസം നീണ്ടു നിന്ന അന്വേഷണങ്ങൾക്കു ശേഷം പഴനി പോലീസ് ബുധനാഴ്ച രാത്രി തലശേരിയിൽ നിന്നും മടങ്ങി.
പീഡന ആരോപണമുന്നയിച്ച സ്ത്രീയേയും കൂടെ താമസിക്കുന്നയാളേയും തെളിവെടുപ്പിനായി പഴനിയിലേക്ക് നോട്ടീസ് നൽകി വിളിച്ചു വരുത്തുമെന്ന് തമിഴ്നാട് പോലീസ് അറിയിച്ചു.
പഴനി അടിവാരത്ത് നിന്നും ശേഖരിച്ച സിസി ടി വി ദൃശ്യങൾ വിശദമായി പരിശോധിച്ച് വരികയാണെന്നും പഴുതുകളടച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്നും ഡിണ്ടിഗൽ ജില്ലാ പോലീസ് ചീഫ് രാഷ്ട്രദീപികയോട് പറഞ്ഞു.
ഈ കേസിലെ നിർണായകമായ മൊഴികൾ രാഷ്ട്രദീപികയാണ് പുറത്തു കൊണ്ടുവന്നത്. മൊഴികളിൽ ഉടനീളമുള്ള വൈരുധ്യങ്ങളും വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വിവാഹിതരായ നാല് പെൺമക്കളുടെ മാതാവായ യുവതിയും മുപ്പത്തിയെട്ട് കാരനായ യുവാവും വിവാഹിതരല്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ തങ്ങൾ ചോറ്റാനിക്കര ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായെന്നാണ് ഇവർ നൽകിയ ഒരു മൊഴിയിൽ പറയുന്നത്.
പഴനി പോലീസ് തലശേരി എ സി പി ഓഫീസിൽ വെച്ച് പരാതിക്കാരുടെ മൊഴി ശേഖരിക്കുന്നതിനിടയിൽ മാധ്യമ പ്രവർത്തകരെ കണ്ട പരാതിക്കാരുടെ ഭർത്താവ് ബ്ലേഡ് ഉയർത്തിക്കാട്ടി വീഡിയോ എടുത്താൽ കഴുത്തു മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.