തിരുവനന്തപുരം: തനിക്കെതിരേ സോളാർ കേസ് പരാതിക്കാരി നൽകിയ പീഡന പരാതി വ്യാജമാണെന്ന് പി.സി.ജോർജ്.
ഏറ്റവും മാന്യമായി പെരുമാറിയ രാഷ്ട്രീയ നേതാവാണ് താനാണെന്നാണ് ഇവർ മുൻപ് പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നത്.
പിന്നീട് എങ്ങനെയാണ് പീഡന പരാതി വന്നതെന്ന് അറിയില്ലെന്നും ജോർജ് പറഞ്ഞു.
ഉമ്മൻ ചാണ്ടിക്കെതിരേ ലൈംഗിക പീഡന പരാതിയിൽ മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടു പരാതിക്കാരി തന്നെ സമീപിച്ചിരുന്നു.
എന്നാൽ, അവർ പറഞ്ഞതുപോലെ മൊഴി നൽകാൻ താൻ തയാറായില്ല.
മാത്രമല്ല, ഉമ്മൻ ചാണ്ടിക്കെതിരേയുള്ള കേസ് ശരിയല്ലെന്നും താൻ അന്വേഷണ സംഘത്തോടു പറഞ്ഞിരുന്നു.
ഇതിന്റെ വൈരാഗ്യം മൂലമാണ് തനിക്കെതിരേ പീഡന പരാതി നൽകിയിരിക്കുന്നത്.
ഇതുകൊണ്ടൊന്നും പിണറായി വിജയൻ രക്ഷപ്പെടാൻ പോകുന്നില്ലെന്നും താൻ നിരപരാധിയാണെന്നു തെളിയുമെന്നും ജോർജ് പറഞ്ഞു.
പിന്നെ നിങ്ങളുടെ പേര് പറയണോ; മാധ്യമപ്രവർത്തകയെ ആക്ഷേപിച്ച് ജോർജ്
തിരുവനന്തപുരം: പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മാധ്യമപ്രവർത്തകയോട് പി.സി.ജോർജ് മോശമായി സംസാരിച്ചതും തർക്കങ്ങൾക്ക് കാരണമായി.
തന്റെ ഭാഗം വിശദീകരിക്കുന്നതിനിടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ ജോർജിനോട് ഇത് ശരിയാണോ എന്ന് മാധ്യമപ്രവർത്തക ചോദിച്ചു.
പിന്നെ നിങ്ങളുടെ പേര് പറയണോ എന്ന് ജോർജ് മറുപടി നൽകിയതോടെ മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചു.
സ്ഥലത്ത് വലിയ തർക്കമുണ്ടായതിനാൽ പോലീസ് വളരെ പണിപ്പെട്ടാണ് ജോർജിനെ എആർ ക്യാമ്പിലേക്ക് മാറ്റിയത്.