ആറന്മുള: വിവാഹവാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിക്കുകയും ഒന്നര ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. ചെങ്ങന്നൂര്‍ മുണ്ടങ്കാവ് ഒഴറേത്ത് വീട്ടില്‍ ശ്രീജിത്താണ് (42) ആറന്മുള പോലീസിന്റെ പിടിയിലായത്.
ഫെബ്രുവരി 18 നും ജൂലൈ ഏഴിനുമാണ്, മുമ്പ് വിവാഹിതനായ ശ്രീജിത്ത് കല്യാണം കഴിക്കാമെന്ന് വാക്കുനല്കിയശേഷം യുവതിയെ പീഡിപ്പിച്ചത്.
നിലവിലെ ഭാര്യയില്‍നിന്നു വിവാഹമോചനം നേടിയശേഷം തന്നെ വിവാഹം കഴിക്കുമെന്ന് ശ്രീജിത്ത് ഉറപ്പ് നല്‍കിയിരുന്നു.
ആറന്മുളയിലുള്ള യുവതിയുടെ വീട്ടിലും ഗുരുവായൂരിലെ ഒരു ലോഡ്ജ് മുറിയിലും ബലാല്‍ക്കാരമായി പീഡിപ്പിച്ചതായാണ് കേസ്.
ഒന്നര ലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തതായും യുവതിയുടെ മൊഴിയില്‍ പറയുന്നു. കഴിഞ്ഞ 20നു യുവതി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ്, തിരുവല്ലയില്‍നിന്നു ശ്രീജിത്തിനെ പിടികൂടുകയായിരുന്നു.
യുവതിയുടെ മൊഴിപ്രകാരം എസ്ഐ അലോഷ്യസാണ് കേസെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ സി കെ മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.