പിറവം: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ മാനഭംഗപ്പെടുത്തിയ മധ്യവയസ്കൻ പോലീസിന്റെ പിടിയിലായി. പോക്സോ കേസിലും മോഷണക്കേസുകളിലും പ്രതിയായ കോട്ടയം കോതനല്ലൂർ ചാമക്കാലായിൽ അംബേദ്കർ കോളനിയിൽ മേക്കണ്ണായിൽ ജോയി വർഗീസാ(56)ണ് അറസ്റ്റിലായത്.
കഴിഞ്ഞ ആറിന് പകൽ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് ഇരുപതുകാരിയായ യുവതിയെ പ്രതി മാനഭംഗപ്പെടുത്തിയത്. വീട്ടിൽ നിന്ന് ഇയാൾ ഇറങ്ങിപ്പോകുന്നതു കണ്ട സമീപവാസിയായ സ്ത്രീ, യുവതിയോട് ചോദിച്ചപ്പോഴാണ് വിവരങ്ങൾ പുറത്തറിയുന്നത്.
ജോലിക്ക് പോയിരുന്ന മാതാവ് വൈകുന്നേരമെത്തിയപ്പോൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയേക്കുറിച്ച് പോലീസിന് സൂചനയൊന്നും ലഭിച്ചിരുന്നില്ല.
അടുത്ത ദിവസം പ്രതി ബൈക്കിൽ അതുവഴി പോകുന്നത് യുവതിയുടെ സഹോദരൻ കാണുകയും ഇയാളെ പിന്തുടർന്ന് ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പറടക്കം പോലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പിടികൂടിയത്.
2015ൽ തിടനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു പോക്സോ കേസിൽ ജോയിയെ കോടതി ഏഴു വർഷം ശിക്ഷിച്ചിരുന്നു. ഹൈക്കോടതിയിൽ അപ്പീൽ നല്കി കഴിഞ്ഞ മാസം നാലിനാണ് ജാമ്യത്തിൽ ഇറങ്ങിയത്.
കൂത്താട്ടുകുളം, കുറവിലങ്ങാട് പോലീസ് സ്റ്റേഷനുകളിൽ സ്വർണമാല മോഷണം, മോഷണ ശ്രമം എന്നിവയ്ക്ക് ഇയാൾക്കെതിരെ കേസുണ്ട്.
ഗ്യാസ് അടുപ്പ് നന്നാക്കാനെന്ന വ്യാജേന പിറവം മേഖലയിൽ പല വീടുകളിലും ഇയാൾ കയറിയിറങ്ങിയിട്ടുണ്ട്. മകൾക്ക് കാൻസറാണന്നും ചികിത്സാ സഹായം നൽകണമെന്നും ആവശ്യപ്പെട്ട് വ്യാപകമായ പിരിവും നടത്തിവരികയായിരുന്നു. പിറവത്തിനടുത്ത് അന്ത്യാൽ സ്വദേശിയായ ഇയാൾ വർഷങ്ങൾക്ക് മുമ്പ് കോതനല്ലൂർക്ക് താമസം മാറ്റിയതാണ്.