തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയത്തിലൂടെ വശത്താക്കി.പിന്നീട് പീഡനത്തിനിരയാക്കിയ ശേഷം സ്വർണം കവർന്ന കേസിൽ യുവാവിന് 29 വർഷം കഠിന തടവ് വിധിച്ച് കോടതി.
തൃശൂര്‍ ചിറ്റാട്ടുകര സ്വദേശി പ്രണവിനെ(24 )യാണ് കുന്നംകുളം അതിവേഗ സ്പെഷല്‍ പോക്സോ കോടതി ശിക്ഷിച്ചത്. 1.05 ലക്ഷം രൂപ പിഴയും ഒടുക്കണം.
2017 -18 സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. പാവറട്ടി പോലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി അടുപ്പത്തിലായ ശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്നും വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നുവെന്നുമാണ് കേസ്.
സംഭവത്തിനുശേഷം കടുത്ത മാനസിക സമ്മര്‍ദത്തിലായ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് പെണ്‍കുട്ടിയും മാതാപിതാക്കളും പാവറട്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
വിചാരണ വേളയില്‍ 21 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കി. ശാസ്ത്രീയ തെളിവുകള്‍ സഹിതമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.