മുംബൈ: മഹാരാഷ്ട്രയിലെ ബദ്ലാപുരിലെ നഴ്സറി സ്കൂൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയുടെ വീട് അടിച്ചുതകർത്തു. സ്കൂളിലെ തൂപ്പുകാരൻ അക്ഷയ് ഷിൻഡെയുടെ വീടാണു നാട്ടുകാർ തകർത്തത്.
ഈ മാസം 16നു മൂന്നും നാലും വയസുള്ള വിദ്യാർഥിനികളെ പീഡിപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. സംഭവത്തിനു പിന്നാലെ ചൊവ്വാഴ്ച ആയിരക്കണക്കിന് പ്രതിഷേധക്കാർ ട്രെയിനുകൾ തടയുകയും പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സ്കൂളിലേക്ക് ഇരച്ചുകയറുകയും ചെയ്തതിനെത്തുടർന്ന് നഗരം സ്തംഭിച്ചിരുന്നു.
സംഭവത്തെ തുടർന്ന് എല്ലാ സ്കൂളുകളോടും ഒരു മാസത്തിനകം സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന് മഹാരാഷ്ട്ര സർക്കാർ നിർദേശം നൽകി. ലോക്കൽ പോലീസ് സ്റ്റേഷന്റെ സഹായത്തോടെ എല്ലാ ജീവനക്കാരുടെയും പശ്ചാത്തലം വിശദമായി പരിശോധിക്കാൻ സ്കൂൾ മാനേജ്മെന്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ, ക്ലാസ് ടീച്ചർ, വനിതാ അറ്റൻഡർ എന്നിവരെ സസ്പെൻഡ് ചെയ്തു.കേസ് അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തിയതിന് പോലീസ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്നു പോലീസുകാരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.